ക്ലോസറ്റില്‍ നക്കി 'കൊറോണ വൈറസ് ചലഞ്ച്' ; ടിക് ടോക് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു
ക്ലോസറ്റില്‍ നക്കി 'കൊറോണ വൈറസ് ചലഞ്ച്' ; ടിക് ടോക് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയ  : സമൂഹമാധ്യമത്തിലെ കൊറോണ വൈറസ് ചലഞ്ച് ഏറ്റെടുത്ത ടിക് ടോക് താരത്തിന് കോവിഡ് രോഗബാധ. ക്ലോസറ്റില്‍ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണു ടിക് ടോക് താരമായ ലാര്‍സിന് (21) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രി കിടക്കയില്‍നിന്നും ലാര്‍സ് തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. 

ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഗേഷോന്‍മെന്‍ഡിസ് എന്ന പേരിലറിയപ്പെടുന്ന ലാര്‍സ്, രണ്ടു ദിവസം മുമ്പാണ് കൊറോണ ചലഞ്ച് വിഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാള്‍ പോസ്റ്റ് ചെയ്തത്. ചലഞ്ചിലൂടെയാണോ ലാര്‍സിന് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. 

മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സമൂഹമാധ്യമ ചലഞ്ചുകള്‍ ഏറ്റെടുക്കുകയും വിഡിയോകള്‍ തയാറാക്കുകയും ചെയ്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ലാര്‍സ്. ഇയാളുടെ ക്ലോസറ്റ് കൊറോണ ചലഞ്ച് നിരവധി വിമര്‍ശനം ഏറ്റുവാങ്ങിയപ്പോഴും ഒട്ടേറെപ്പേര്‍ ഏറ്റെടുത്തിരുന്നു.നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്ന് വിമര്‍ശനങ്ങള്‍ക്ക് ലാര്‍സിന്റെ മറുപടി.

വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലാണു ചലഞ്ച് തരംഗമായത്. മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടര്‍ന്നുപിടിക്കുന്ന ദിവസങ്ങളില്‍ 'സാഹസിക തമാശ' മട്ടില്‍ വിമാനത്തിലെ ക്ലോസറ്റില്‍ നക്കുന്ന വിഡിയോ ആണ് ഇത്തരത്തില്‍ ആദ്യം വൈറലായത്. വിമാനത്തിലെ ശുചിമുറികള്‍ വൃത്തിയുള്ളതാണ് എന്നിതാ തെളിഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെ ആണ് 'കൊറോണവൈറസ് ചലഞ്ച്' വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രതലങ്ങളില്‍ ഉള്‍പ്പെടെ നക്കുന്ന വിഡിയോകള്‍ ടിക് ടോക്കില്‍ തരംഗമാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com