കോവിഡ് മരണം 26,369 ആയി; ഇറ്റലിയില്‍ ഇന്ന് മാത്രം 919 പേര്‍; അമേരിക്കയില്‍ രോഗബാധിതര്‍ ഒരുലക്ഷത്തിലേക്ക്‌

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു
കോവിഡ് മരണം 26,369 ആയി; ഇറ്റലിയില്‍ ഇന്ന് മാത്രം 919 പേര്‍; അമേരിക്കയില്‍ രോഗബാധിതര്‍ ഒരുലക്ഷത്തിലേക്ക്‌

ലണ്ടന്‍: ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു. ഇതുവരെ 26,369 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ഇറ്റലി സ്‌പെയിന്‍, ഇറാന്‍ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകള്‍ മരിച്ചത്. 190ല്‍ അധികം രാജ്യങ്ങളിലായി ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,29,965 പേര്‍ സുഖം പ്രാപിച്ചു.


ഇറ്റലിയില്‍ വെള്ളിയാഴ്ച മാത്രം 919 പേര്‍ മരിച്ചതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ഒരു രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ കോവിഡ് ബാധിച്ച് ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134 ആയി.

സ്‌പെയിനില്‍ ഇന്നു മാത്രം 769 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,934 ആയി. 64,059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിക്കു ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിന്‍. ഏപ്രില്‍ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യയില്‍ സ്‌പെയിനും ചൈനയെ മറികടന്നു. യുഎസിലാണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത് – 85, 991. 1300ലധികം ആളുകള്‍ മരിച്ചു.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യ സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 77 പേരാണ് ബ്രസീലില്‍ മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാകെ 181 പേര്‍ മരിച്ചു. ഇറാനില്‍ 144 പേരാണ് വെള്ളിയാഴ്ച കോവിഡ് ബാധമൂലം മരിച്ചത്. ആകെ 2,400 പേര്‍ മരിച്ചു. 32,000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com