ഭക്ഷ്യവസ്തുക്കൾക്ക് സമീപം തമാശയ്ക്ക് ചുമച്ച് യുവതി; കടയുടമയ്ക്ക്‌ നഷ്ടമായത് 25 ലക്ഷം രൂപ, അറസ്റ്റ്

കോവിഡ് ബാധയില്ല എന്ന സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കാനാവില്ലെന്ന് കടയുടമ
ഭക്ഷ്യവസ്തുക്കൾക്ക് സമീപം തമാശയ്ക്ക് ചുമച്ച് യുവതി; കടയുടമയ്ക്ക്‌ നഷ്ടമായത് 25 ലക്ഷം രൂപ, അറസ്റ്റ്

ന്യൂയോർക്ക്: ലോകമാകെ കോവിഡ് ഭീതിയിലാണ്. അതിനിടെ ഒരു യുവതിയുടെ തമാശ കടയുടമയ്ക്ക് നഷ്ടമാക്കിയത് 25 ലക്ഷം രൂപയോളമാണ്.  സൂപ്പര്‍മാർക്കറ്റില്‍ വെച്ചിരുന്ന ഭക്ഷണ സാമഗ്രികള്‍ക്കു മേല്‍ ഒരു സ്ത്രീ മനപ്പൂർവ്വം ചുമച്ചതിനെത്തുടര്‍ന്നാണ് കടയുടമയ്ക്ക്   25 ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത്.അമേരിക്കയിലെ പെന്‍സില്‍വാനിയ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.  

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്‌ ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വ്യാഴാഴ്ച  ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി ബേക്കറി, പലചരക്ക്, പച്ചക്കറി, മാംസ ഉത്പന്നങ്ങളുടെ അടുത്തെല്ലാം ചെന്ന് ഉറക്കെ ചുമയ്ക്കുകയായിരുന്നു. കടയുടമയെ മാനേജരാണ് ഇക്കാര്യം വിളിച്ച് ആദ്യം പറഞ്ഞത്.

താന്‍  തമാശയ്ക്ക് ചെയ്തതാണെന്നാണ് യുവതിയുടെ വിശദീകരണം. എന്നാല്‍ സ്ത്രീക്ക് കോവിഡ് ബാധയില്ല എന്ന സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കാനാവില്ലെന്ന് കടയുടമ നിലപാടെടുത്തു. തുടർന്ന് യുവതി ചുമച്ച ഭാ​ഗത്തെ സാധനങ്ങളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ഇതുവഴി  25 ലക്ഷത്തിന്റെ നഷ്ടം തങ്ങള്‍ക്കുണ്ടായെന്നും ഉടമ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ലോകം ​ഗുരുതരമായ പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ,  ഒരു സ്ത്രീയുടെ നിരുത്തരവാദ പ്രവൃത്തി മൂലം ഇത്രയധികം ഭക്ഷ്യസാധനങ്ങള്‍ പാഴാക്കേണ്ടി വന്നത്‌ കഷ്ടമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാർ പറഞ്ഞു. സ്ത്രീക്ക് കോവിഡ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനും ടെസ്റ്റ് നടത്താനുമുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും ചെലുത്തുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യുവതിയെ വിവിധ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com