മരണം 9000 കടന്നു; ഒച്ചയനക്കമില്ലാതെ ഇറ്റലി; പാട്ടുയർന്ന ബാൽക്കണികൾ ശൂന്യം

മരണം 9000 കടന്നു; ഒച്ചയനക്കമില്ലാതെ ഇറ്റലി; പാട്ടുയർന്ന ബാൽക്കണികൾ ശൂന്യം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

റോം: കൊറോണ വൈറസ് വ്യാപനത്തിൽ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 9,000 കടന്നു. 9,134 ആളുകളാണ് ഇറ്റലിയിൽ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചത്. 86,498 പേർ ചികിത്സയിലാണ്. ഇറ്റലിക്കാര്‍ ലോക്ക്ഡൗണിലൂടെ മൂന്നാമത്തെ ആഴ്ച പിന്നിടുകയാണിപ്പോൾ. കൊറോണ ദയയില്ലാതെ ഒരു ജനതയ്ക്കു മേല്‍ പ്രഹരമേല്‍പ്പിക്കുമ്പോള്‍ പ്രതീക്ഷകളുടെ ഇടം തേടുകയാണ് ഇറ്റാലിയൻ ജനത. 

ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിലുണ്ടായ ബാല്‍ക്കണികളില്‍ നിന്നുള്ള പാട്ടും കൊട്ടുകളുമൊന്നും ഇപ്പോള്‍ ഇറ്റലിയിൽ കേള്‍ക്കാനില്ല. മരണം പതിനായിരത്തിന് അടുത്തെത്തിയതോടെ ആദ്യ ഘട്ടത്തില്‍ സജീവമായിരുന്ന ബാല്‍ക്കണികളും ഇപ്പോൾ നിശബ്ദമാണ്.

സര്‍ക്കാർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അല്‍പം കൂടി കടുപ്പിച്ചതോടെ സത്യവാങ്മൂലം എഴുതി തയ്യാറാക്കിയേ ഇനി അവര്‍ക്ക് പുറത്തു കടക്കാന്‍ കഴിയൂ. വ്യയാമത്തിനോ പ്രഭാത നടത്തത്തിനോ പോലും അനുവാദമില്ലാത്തതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കൂടി വരികയാണ്. ഒരാഴ്ചയില്‍ മാത്രം 1400 പേരാണ് മരണപ്പെട്ടത്. 600 ലധികം ആളുകള്‍ മരിച്ച ദിവസങ്ങളുമുണ്ടായിരുന്നു. 
 
പതിനായിരത്തിലധികം പേര്‍ രോഗമുക്തി നേടിയതില്‍ മാത്രമാണ് നിലവില്‍ രാജ്യം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്.  38കാരനായ ഫോസ്‌റ്റോ റൂസ്സോ 20 ദിവസമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. ന്യൂമോണിയ ഗുരുതരമായ ആ 20 ദിവസങ്ങളില്‍ വെള്ളത്തില്‍ നിന്ന് ശ്വസിക്കാന്‍ ശ്രമിക്കുന്ന പോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും റൂസ്സോ പറയുന്നു.

രോഗ വ്യാപനം തടയാനായാലും രാജ്യം നേരിടാനിരിക്കുന്ന വലിയ സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവുമെല്ലാം ജനങ്ങളുടെ മുമ്പോട്ടുള്ള പ്രതീക്ഷയ്ക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുകയാണ്. വിജനമായ തെരുവുകളില്‍ കാണാനാകുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും പട്ടാളക്കാരെയും മറ്റും മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com