കോവിഡ് മരണം 33,000 കടന്നു ; ഇന്നലെ മരിച്ചത് 3000 ലേറെ പേർ ; രോഗബാധിതർ ഏഴു ലക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2020 06:38 AM |
Last Updated: 30th March 2020 06:38 AM | A+A A- |
വാഷിംഗ്ടൺ : ലോകത്തെ വിറപ്പിച്ച് കോവിഡ് രോഗബാധ പടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കടന്നു. ലോകത്ത് മരണസംഖ്യ 33,956 ആയി. ഇന്നലെ മാത്രം 3000 ഓളം പേർ മരിച്ചു. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴുലക്ഷം കടന്നു.
അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണാതീതമാണ്. അമേരിക്കയിൽ മരണം 2000 കടന്നു. ഇതുവരെ 2471 പേരാണ് മരിച്ചത്. രോഗം ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 251 പേരാണ് ഇന്നലെ യുഎസിൽ മരിച്ചത്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്.
ഇറ്റലിയിൽ കോവിഡ് മരണം പതിനായിരം കടന്നു. 10,779 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 756 ആളുകളാണ്. സ്പെയിനിൽ 6803 പേരും മരിച്ചു. 821 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയിൽ രോഗവ്യാപനം ഈ നിലയിൽ തുടർന്നാൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.