ഈസ്റ്റര്‍ കാലയളവ് നിര്‍ണായകം, അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കാം; വൈറ്റ് ഹൗസ്‌

അമേരിക്കയില്‍ ഈസ്റ്ററോടനുബന്ധിച്ചുളള രണ്ടാഴ്ച കാലയളവില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്താമെന്ന് വൈറ്റ് ഹൗസിന്റെ ഗുരുതര മുന്നറിയിപ്പ്
ചിത്രം: എപി
ചിത്രം: എപി

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ഈസ്റ്ററോടനുബന്ധിച്ചുളള രണ്ടാഴ്ച കാലയളവില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്താമെന്ന് വൈറ്റ് ഹൗസിന്റെ ഗുരുതര മുന്നറിയിപ്പ്. ഏറ്റവും ദയനീയമായ അവസ്ഥ എന്ന് കണ്ട് മരണസംഖ്യ രണ്ടുലക്ഷം വരെ ഉയര്‍ന്നേക്കാമെന്നും വൈറ്റ്ഹൗസ് കണക്കുകൂട്ടുന്നു. 

സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്നതാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ സാധിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് സാംക്രമിക രോഗ ചികിത്സാരംഗത്തെ അമേരിക്കയിലെ പ്രമുഖ ഡോക്ടറായ ആന്റണി ഫൗസി പറഞ്ഞു. വൈറ്റ് ഹൗസില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനം ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ മരണ സംഖ്യ ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെയാകാമെന്ന് വൈറ്റ് ഹൗസില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ അമേരിക്കയില്‍ സാമൂഹ്യ അകലം പ്രാവര്‍ത്തികമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. ഈ പഠനറിപ്പോര്‍ട്ട് തെറ്റായി തീരാന്‍ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായ ഡെബോറ ബിര്‍ക്‌സ് പറയുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലായെങ്കില്‍ മരണ സംഖ്യ 22 ലക്ഷം കടക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരണസംഖ്യ ഒരു ലക്ഷമാക്കി കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ അത് വലിയ കാര്യമാണ്. ജൂണ്‍ ഒന്നോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്നും ട്രംപ് പറഞ്ഞു. 

രോഗം രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. യുഎസില്‍ ഞായറാഴ്ച 264 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com