ചൈനയുടെ വാദം തെറ്റ് ; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 മൂലം ചൈനയില്‍ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്
ചൈനയുടെ വാദം തെറ്റ് ; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ബീജിങ് : കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 മൂലം ചൈനയില്‍ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. എന്നാല്‍ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് തദ്ദേശവാസികളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കൊറോണ വൈറസ് ബാധ രാജ്യത്ത് ആകെ 81,000 പേര്‍ക്കാണ് ഉണ്ടായത് എന്നാണ് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചത്. രോഗം ഉത്ഭവിച്ച ഹ്യൂബെയില്‍ 3,182 പേര്‍ മരിച്ചതായും അധികൃതര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാള്‍ പത്തിലധികം ഇരട്ടിയാണ് വുഹാന്‍ നഗരത്തില്‍ മാത്രം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിലായി നഗരത്തിലെ ഏഴ് ശ്മശാനങ്ങളില്‍നിന്നും പ്രതിദിനം അഞ്ഞൂറിലധികം പേരുടെ ചിതാഭസ്മ കുംഭങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതായാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതനുസരിച്ച് ഓരോ 24 മണിക്കൂറിലും ആകെ 3,500 പേരുടെ ശവസംസ്‌കാരമെങ്കിലും നടന്നിരിക്കണം. അങ്ങനെയയെങ്കില്‍ ഇക്കാലയളവില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഒരു മാസം 28,000 ശവസംസ്‌കാരങ്ങള്‍ വരെ നഗരത്തില്‍ നടന്നിട്ടുണ്ടെന്നും കണക്കുകളുണ്ട്. നിരവധി പേര്‍ വീടുകളില്‍ മരിച്ചിട്ടുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുകയോ കണക്കുകളില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതോടെ ജനുവരി 23 മുതല്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ മാര്‍ച്ച് 25ന് ചൈന ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ വുഹാന്‍ നഗരത്തില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഏപ്രില്‍ എട്ട് വരെയാണ് നിയന്ത്രണം തുടരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com