കുട്ടികളില്‍ അപൂര്‍വ രോഗം, കോവിഡ് ബന്ധമെന്ന് സംശയം; അമേരിക്കയില്‍ ആശങ്ക പടരുന്നു

കോവിഡ് രോഗലക്ഷണങ്ങളോടെ അഞ്ചുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ ആശങ്ക
കുട്ടികളില്‍ അപൂര്‍വ രോഗം, കോവിഡ് ബന്ധമെന്ന് സംശയം; അമേരിക്കയില്‍ ആശങ്ക പടരുന്നു

ന്യൂയോര്‍ക്ക്:  കോവിഡ് രോഗലക്ഷണങ്ങളോടെ അഞ്ചുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ ആശങ്ക. കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ക്ക് പുറമേ മറ്റു ചില അണുബാധകളുടെ ലക്ഷണങ്ങള്‍ കൂടിയും പ്രകടമാക്കിയതാണ് ആശങ്കയ്ക്ക് കാരണം. ഈ അപൂര്‍വ്വ രോഗത്തിന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാത്രം 73 കുട്ടികളാണ് ചികിത്സ തേടിയത്.

കുട്ടികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗത്തെ കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍ക്ക് പുറമേ രക്തക്കുഴലുകള്‍ക്ക് നീരും ചുവന്ന തടിപ്പും അനുഭവപ്പെടുന്ന കാവസാക്കി രോഗം, തുടര്‍ച്ചയായ പനി, വയറു സംബന്ധമായ അസുഖം, ഹൃദയ സംബന്ധമായ അസുഖം എന്നിങ്ങനെ വിവിധ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന അപൂര്‍വ്വ രോഗമാണ് കുട്ടികളില്‍ കണ്ടുവരുന്നത്. 21 വയസ്സില്‍ താഴെയുളള കുട്ടികളില്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.  

പരിശോധന നടത്തി കൊറോണ വൈറസ് ബാധ ഉണ്ടോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ആരോഗ്യവിദഗ്ധര്‍. അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍പ്പെട്ട ഈ 73 കുട്ടികളില്‍ എല്ലാവരിലും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ മാന്‍ഹട്ടണിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞാഴ്ച ഏഴു വയസുകാരനാണ് ഇവിടെ മരിച്ചത്.   ബ്രിട്ടണിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്.

കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കില്ല എന്ന കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണ് ഈ രോഗലക്ഷണങ്ങള്‍. രക്ഷിതാക്കള്‍ക്ക് ദുഃസ്വപ്‌നമായി ഇത് മാറിയിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു. ചൊവ്വാഴ്ച മാത്രം ഈ രോഗലക്ഷണങ്ങളോടെ 15 കുട്ടികളെയാണ് ന്യൂയോര്‍ക്കില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാലുപേരുടെ പരിശോധനാഫലം പോസിറ്റീവാണ്. ആറുപേരില്‍ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com