സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന; കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിന് പിന്തുണ

സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന; കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിന് പിന്തുണ
സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന; കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിന് പിന്തുണ

ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൈന. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ചൈനയുടെ തീരുമാനം. കോവിഡ് 19നെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശകലനത്തേയും ചൈന പിന്തുണയ്ക്കും. 

വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുതാര്യതയോടെയും വ്യക്തതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് ചൈന പ്രതികരിച്ചതെന്ന് ഷീ ജിന്‍പിങ് ലോകാരോഗ്യ അസംബ്ലിയില്‍ വ്യക്തമായി. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി.

ഇതിനോടകം മൂന്ന് ലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനാണ് ലോകാരോഗ്യ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ കരട് പ്രമേയം കൊണ്ടുവന്നത്. ഇന്ത്യ ഉള്‍പ്പെടെ 120 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത്. കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും ആവശ്യം നേരത്തെ ചൈന നിരാകരിച്ചിരുന്നു.

കോവിഡ് 19നോടുള്ള ആഗോളതലത്തിലെ പ്രതികരണങ്ങളെ കുറിച്ച് സമഗ്രമായ വിശകലനം വേണമെന്ന ആവശ്യങ്ങളെ ചൈന പിന്തുണയ്ക്കുന്നു. എന്നാല്‍ ഈ നടപടി ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതമായതിനു ശേഷമാകുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ചൈനയ്‌ക്കെന്നും ഷീ ജിന്‍പിങ് പറഞ്ഞു. ലോകാരോഗ്യ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ അടിയന്തര ശ്രദ്ധ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെർച്വലായാണ് ലോകാരോഗ്യ അസംബ്ലി ഈ വര്‍ഷത്തെ യോഗം ചേര്‍ന്നത്. ലോകാരോഗ്യ സംഘടനയിലെ എല്ലാ അംഗ രാജ്യങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ്-19 കുറിച്ചുള്ള ആശങ്കകള്‍ പടരുന്നതിനിടെയും ലോകാരോഗ്യ സംഘടനയുടെയും അതിന്റെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഖെബ്രിയേസസിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയുമാണ് ഇത്തവണത്തെ യോഗം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com