12 സെക്കന്റിനുള്ളില്‍ ആശയവിനിമയം നിലച്ചു; എന്‍ജിന്‍ നഷ്ടമായെന്ന് അവസാന സന്ദേശം; അനുശോചിച്ച് നരേന്ദ്രമോദി

'മെയ്‌ഡേ, മെയ്‌ഡേ' എന്ന് വിളിച്ച് തുടര്‍ന്ന് അപായ സൂചന നല്‍കി
12 സെക്കന്റിനുള്ളില്‍ ആശയവിനിമയം നിലച്ചു; എന്‍ജിന്‍ നഷ്ടമായെന്ന് അവസാന സന്ദേശം; അനുശോചിച്ച് നരേന്ദ്രമോദി

കറാച്ചി:  പാകിസ്ഥാന്‍ ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. 90 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 98 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.  വിമാനം നിലംപിച്ചത് ലാന്‍്ഡ് ചെയ്യാന്‍ ഒരുമിനുറ്റ് ശേഷിക്കേയാണ് അപകടം.  നിരവധി പേര്‍ മരിച്ചിരിക്കാന്‍ സാധ്യതയുള്ളതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരക്കേറിയ ജനവാസകേന്ദ്രമായ ജിന്നാ ഗാര്‍ഡന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.

ലാഹോറില്‍നിന്ന് കറാച്ചിയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വക്താവ് അബ്ദുല്‍ സത്താര്‍ അറിയിച്ചു. നമ്പര്‍ 8303 പിഐഎ വിമാനത്തില്‍ 98 പേരായിരുന്നു അപകടസമയത്തുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പിഐഎ സിഇഒ അര്‍ഷാദ് മാലിക് പറഞ്ഞു.

വിമാനത്തിന്റെ പൈലറ്റ്  അപകടമുന്നറിയിപ്പ്  നല്‍കിയിരുന്നതായി എയര്‍ ട്രാഫിക് മോണിറ്ററിങ്ങ് സൈറ്റായ 'ലൈവ്എടിസി.നെറ്റ്' റിപോര്‍ട്ട് ചെയ്തു. വിമാനത്തിലെ എഞ്ചിനുകളിലെ പവര്‍ നിലച്ചെന്നായിരുന്നു പൈലറ്റ് സന്ദേശം നല്‍കിയത്. 'മെയ്‌ഡേ, മെയ്‌ഡേ' എന്ന് വിളിച്ച് തുടര്‍ന്ന് അപായ സൂചന നല്‍കി. 12 സെക്കന്‍ഡിനുള്ളില്‍ വിമാനത്തില്‍നിന്നുള്ള ആശയ വിനിമയം നിലച്ചെന്നും വെബ്‌സൈറ്റില്‍ പറയുന്നു. വയര്‍ലെസ് ഉപയോഗ ചട്ടം പ്രകാരം അപകട സൂചന നല്‍കുന്നതിനുള്ള കോഡ് നാമങ്ങളിലൊന്നാണ് മെയ്‌ഡേ.

വിമാനാപകടത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എയര്‍ലൈന്‍സ് മേധാവി അര്‍ഷാദ് മാലിക്കുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കറാച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇംറാന്‍ ഖാന്‍ അറിയിച്ചു.സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും പരിക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.അപകട സ്ഥലത്തുനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആംബുലന്‍സുകളും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി. സ്ഥലത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com