കോവിഡ് അമേരിക്കയെ 'വരിഞ്ഞുമുറുക്കുന്നു'; തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലുകോടിയിലേക്ക്, പിരിച്ചുവിടല്‍ തകൃതി 

കോവിഡ് സംഹാര താണ്ഡവമാടിയ അമേരിക്കയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 3.9 കോടി ജനങ്ങളാണ് തൊഴിലില്ലായ്മ വേതനത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയത്
ചിത്രം: എപി
ചിത്രം: എപി

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായതോടെ, അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു കോടിയിലേക്ക് അടുക്കുന്നു. കോവിഡ് സംഹാര താണ്ഡവമാടിയ അമേരിക്കയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 3.9 കോടി ജനങ്ങളാണ് തൊഴിലില്ലായ്മ വേതനത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയത്. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്.

കഴിഞ്ഞയാഴ്ച മാത്രം 24 ലക്ഷം പേരാണ് തൊഴിലില്ലായ്മ വേതനത്തിനായി സര്‍ക്കാരിനെ സമീപിച്ചത്.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നഷ്ടം വര്‍ധിച്ചതോടെ പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഇതിനെ തുടര്‍ന്നാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു കോടിയിലേക്ക് എത്തിയത്. 

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കക്കാരുടെ ദുരിതം ഇരട്ടിച്ചത്. ബിസിനസ് നഷ്ടപ്പെട്ടതോടെ പല കമ്പനികളും നഷ്ടം നികത്താന്‍ ജീവനക്കാരെ പിരിച്ചുവിടുന്ന മാര്‍ഗമാണ് തേടുന്നത്. മെയില്‍ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനമായി ഉയരുമെന്നാണ് ഫെഡറല്‍ റിസര്‍വ് പ്രവചിക്കുന്നത്. ജൂണില്‍ ഇത് 25 ശതമാനമായി ഉയരാമെന്നും ഫെഡറല്‍ റിസര്‍വ് അനുമാനിക്കുന്നു. 'ഗ്രേറ്റ് ഡിപ്രഷന്'ശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഈ നിലയിലേക്ക കുതിച്ചു ഉയരാന്‍ പോകുന്നത്. 

ഏപ്രില്‍ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായിരുന്നു. 1930 ന് ശേഷം തൊഴില്‍ രംഗത്ത് ഇത്രയും വലിയ ആഘാതം ഇതാദ്യമായാണ്. ഇതാണ് 20, 25 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രവചിക്കുന്നത്. ഈയാഴ്ച പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ മാത്രം 3000 പേരെയാണ് പിരിച്ചുവിട്ടത്. ഡിജിറ്റല്‍ പ്രസിദ്ധീകരണ സ്ഥാപനമായ വൈസ്, ക്വാര്‍ട്ട്‌സ്, ബസ്ഫീഡ്, തുടങ്ങി നിരവധി സ്ഥാപനങ്ങളും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com