പാക് വിമാനാപകടം : മരണം 97 ആയി ; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു
പാക് വിമാനാപകടം : മരണം 97 ആയി ; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

ലാഹോര്‍: പാകിസ്ഥാനിലെ കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.  ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകര്‍ന്നുവീണത്. മാലിറിലെ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തെ മോഡല്‍ കോളനിയിലാണ് വീണത്.

വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടന്‍ ഉഗ്രസ്‌ഫോടനമുണ്ടായി. സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.

പാകിസ്ഥാന്‍ വിമാനം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം അടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com