'മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞെട്ടി, കണ്‍ തുറന്ന് തള്ളവിരല്‍ പിടിച്ചു'; തുര്‍ക്കി ഭൂകമ്പത്തില്‍ ജീവന് വേണ്ടി മൂന്ന് വയസുകാരി മല്ലിട്ടത് 65 മണിക്കൂര്‍

തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് 65 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിക്ക് പുതുജന്മം
ചിത്രം: എപി
ചിത്രം: എപി

അങ്കാറ: തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് 65 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിക്ക് പുതുജന്മം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. മൂന്ന് വയസുകാരിയെ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക് വിറങ്ങലിച്ച് നിന്ന നിമിഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു.

'ഭൂചലനമുണ്ടായി മൂന്നാം ദിവസത്തിന് ശേഷവും മൃതദേഹങ്ങള്‍ക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ക്ക് വേണ്ടുയുമുള്ള തിരച്ചിലാണ്. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ പൊടിയില്‍ പൊതിഞ്ഞ നിലയില്‍ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ഒറ്റനോട്ടത്തില്‍ മരിച്ചെന്നുറപ്പിച്ച് സഹപ്രവര്‍ത്തകനോട് ബോഡി ബാഗ് ചോദിച്ചു. ശേഷം അവളുടെ മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞാന്‍ ഞെട്ടി, അവള്‍ കണ്‍ തുറന്ന് തന്റെ തള്ളവിരല്‍ പിടിച്ചു. അവിടെ ഞാനൊരു അത്ഭുതം കണ്ടു' - ഇസ്താംബൂള്‍ അഗ്നിശമന സേനാ അംഗം സെലിക്ക് പറയുന്നു.

മൂന്ന് ദിവസം പൂര്‍ണമായും അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 106 ജീവനുകള്‍ ഇതുവരെയായി രക്ഷപ്പെടുത്തി. എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ടു ദിവസം മുമ്പ് രക്ഷപ്പെടുത്തിയിരുന്നു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗ്രീസിനെയും തുര്‍ക്കിയെയും പിടിച്ചുകുലുക്കിയത്. ഇതുവരെ 94 പേരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com