'ചില്‍ ഡോണള്‍ഡ് ചില്‍'- ട്രംപിനെ 'ട്രോളി' ഗ്രെറ്റ തുന്‍ബെര്‍ഗ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'ചില്‍ ഡോണള്‍ഡ് ചില്‍'- ട്രംപിനെ 'ട്രോളി' ഗ്രെറ്റ തുന്‍ബെര്‍ഗ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
'ചില്‍ ഡോണള്‍ഡ് ചില്‍'- ട്രംപിനെ 'ട്രോളി' ഗ്രെറ്റ തുന്‍ബെര്‍ഗ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാട്ടം നടത്തുന്ന വിദ്യാര്‍ത്ഥിനി ഗ്രെറ്റ തുന്‍ബെര്‍ഗ്. 2019ല്‍ ഗ്രെറ്റയ്‌ക്കെതിരെ ട്രംപ് ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ഗ്രെറ്റ ദേഷ്യം നിയന്ത്രിക്കണമെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ അന്നത്തെ ട്വീറ്റ്. ഈ ട്വീറ്റിന് സമാനമായി തന്നെയുള്ള ട്വീറ്റാണ് ഇപ്പോള്‍ ഗ്രെറ്റ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചതിന് പിന്നാലെ വോട്ടണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ട്രംപ് കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് ഗ്രെറ്റയുടെ ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി. ഗ്രെറ്റയുടെ ഈ മറുപടി എന്തായാലും സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഗ്രെറ്റയുടെ നിലപാടുകള്‍ പരിഹാസ്യമാണെന്ന് പരോക്ഷമായി പറഞ്ഞ് ഗ്രെറ്റ കോപം നിയന്ത്രിക്കാന്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സുഹൃത്തിനൊപ്പം പഴയ കാലത്തെ നല്ല സിനിമ പോയി കണ്ട് കോപം തണുപ്പിക്കണമെന്നും ട്രംപ് ട്വീറ്റിലൂടെ ഉപദേശിച്ചിരുന്നു. ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് തന്റെ പേരിന്റെ സ്ഥാനത്ത് ഡോണള്‍ഡ് എന്ന് മാത്രം ചേര്‍ത്താണ് ഗ്രെറ്റയുടെ ഇപ്പോഴത്തെ ട്വീറ്റ്. 

'അങ്ങേയറ്റം പരിഹാസ്യം. കോപം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഗ്രെറ്റ തേടേണ്ടതുണ്ട്. സുഹൃത്തുമൊത്ത് പഴയകാലത്തെ നല്ലൊരു സിനിമ കണ്ട് ദേഷ്യത്തെ തണുപ്പിക്കു. ചില്‍ ഗ്രെറ്റ ചില്‍'- എന്നായിരുന്നു ട്രംപിന്റെ 2019ലെ ട്വീറ്റ്. 

'അങ്ങേയറ്റം പരിഹാസ്യം. കോപം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഡോണള്‍ഡ് തേടേണ്ടതുണ്ട്. സുഹൃത്തുമൊത്ത് പഴയകാലത്തെ നല്ലൊരു സിനിമ കണ്ട് ദേഷ്യത്തെ തണപ്പിക്കു. ചില്‍ ഡോണള്‍ഡ് ചില്‍'- ഇതായിരുന്നു ഗ്രെറ്റയുടെ മറുപടി.

എന്തായാലും സംഗതി ട്വിറ്റരാദികള്‍ ഏറ്റെടുത്തു. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അല്ലേ എന്ന് പലരും ഗ്രെറ്റയോട് ചോദിക്കുന്നുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് പദത്തില്‍ തനിക്ക് രണ്ടാമൂഴം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com