പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ഉറച്ച് ഫ്രാന്‍സ്, മാലിയില്‍ വീണ്ടും കമാന്‍ഡോ ആക്രമണം; അല്‍ഖായിദ നേതാവിനെ വധിച്ചു, നിരീക്ഷണത്തിന് ഡ്രോണ്‍

ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വീണ്ടും മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ ആക്രമണം

പാരീസ്: ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വീണ്ടും മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ ആക്രമണം. മാലിയിലെ അല്‍ഖായിദ നേതാവ് ബാഹ് അഗ് മൗസ്സെ അടക്കം അഞ്ചുപേരെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെ അറിയിച്ചു. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അല്‍ ഇസ്‌ലാം വാല്‍ മുസ്‌ലിമിന്റെ (ജെഎന്‍ഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബര്‍മൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിന്റെ മുന്‍ കേണല്‍ കൂടിയായിരുന്നു മൗസ്സെ. കഴിഞ്ഞ ദിവസം വിവിധ ഭീകരാക്രമണങ്ങളുടെ പേരില്‍ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖായിദ ഭീകരരെ വധിച്ചിരുന്നു.

മാലി സേനയ്ക്കും രാജ്യാന്തര സേനകള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ആളാണ് മൗസ്സെയെന്ന് പാര്‍ലെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സെ ഉണ്ടായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വന്‍ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയായിരുന്നു ആക്രമണം.

ഡ്രോണ്‍ നിരീക്ഷണത്തില്‍ ബാഹ് അഗ് മൗസ്സെ സഞ്ചരിച്ചിരുന്ന ട്രക്ക് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ സഹായത്തോടെ 15 ഫ്രഞ്ച് കമാന്‍ഡോസാണ് ദൗത്യം നിര്‍വഹിച്ചത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഫ്രഞ്ച് സേന തിരിച്ചടിക്കുകയായിരുന്നു. 

അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com