പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മരിച്ചു എന്ന് വിധിയെഴുതി, 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ 'പുനര്‍ജന്മം'; സഞ്ചാരിയുടെ ജീവിതാനുഭവം 

മൈക്കിള്‍ ക്‌നാപ്പിന്‍സ്‌കി എന്ന അമേരിക്കക്കാരന്റെ ജീവിതാനുഭവമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്

ഇനി ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത 45 മിനിറ്റ് നേരം... അവസാനം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്ന കഥയാണ് അമേരിക്കയിലെ 45കാരന്റേത്.

മൈക്കിള്‍ ക്‌നാപ്പിന്‍സ്‌കി എന്ന അമേരിക്കക്കാരന്റെ ജീവിതാനുഭവമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മരിച്ചു എന്ന് വിധിയെഴുതിയ നിമിഷത്തില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഹൃദയം നിലച്ച അവസ്ഥയില്‍ അവസാനശ്രമമെന്ന നിലയിലുള്ള സിപിആര്‍ അടക്കമുള്ള അടിയന്തര വൈദ്യസഹായം രക്ഷയാകുമെന്ന് ആരും കരുതിയില്ല. എന്നാല്‍ 45 മിനിറ്റ് നേരം മെഡിക്കല്‍ സംഘം നടത്തിയ കഠിനപരിശ്രമം മൈക്കല്‍ ക്‌നാപ്പിന്‍സ്‌കിക്ക് വീണ്ടും ജീവിതത്തിലേക്ക് വഴിയൊരുക്കി.

നവംബര്‍ ഏഴിനാണ് സംഭവം. സുഹൃത്തുക്കളുമൊന്നിച്ച് അമേരിക്കയിലെ മൗണ്ട് റെയ്‌നര്‍ ദേശീയ പാര്‍ക്കില്‍ മല കയറാന്‍ പുറപ്പെട്ടതാണ് മൈക്കല്‍ ക്‌നാപ്പിന്‍സ്‌കി. യാത്രയുടെ ഇടയില്‍ നിശ്ചിത സ്ഥലത്ത് കാണാമെന്ന് പറഞ്ഞ് മൈക്കിള്‍ കൂട്ടുകാരുമായി വേര്‍പിരിഞ്ഞു. യാത്ര പുരോഗമിക്കുന്നതിനിടെ കാലാവസ്ഥ മോശമായി. നേരത്തെ പറഞ്ഞു ഉറപ്പിച്ച സ്ഥലത്ത് എല്ലാവര്‍ക്കും എത്താന്‍ സാധിച്ചില്ല.

മൈക്കിളിനെ കാണാതായതോടെ കൂട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൈക്കിളിനെ കണ്ടെത്തി. ആരോഗ്യനില മോശമായ നിലയില്‍ കണ്ടെത്തിയ 45കാരനെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നത് വരെ മൈക്കിളിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ എത്തിയതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. അവസാന ശ്രമമെന്ന നിലയില്‍ മെഡിക്കല്‍ സംഘം മൈക്കിളിന് അടിയന്തര വൈദ്യസഹായം നല്‍കി. സിപിആര്‍ അടക്കമുള്ള അടിയന്തര വൈദ്യസഹായത്തില്‍ 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്കിള്‍ പതുക്കെ ജീവിതത്തിലേക്ക്് തിരിച്ചുവരാന്‍ തുടങ്ങി.ഹൃദയം വീണ്ടും രക്തം പമ്പ് ചെയ്യാന്‍ തുടങ്ങിയതായി അത്ഭുതത്തോടെ ഡോക്ടര്‍ ജെനെല്‍ ബദുലക് വിവരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് മൈക്കിള്‍ കണ്ണുതുറന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com