മൊഡേണ വാക്‌സിന്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്റര്‍ താപനില മതി; ഇന്ത്യയില്‍ എത്തിക്കാന്‍ സജീവ ചര്‍ച്ചകള്‍

കഴിഞ്ഞ ദിവസം ഫലപ്രദമെന്ന അവകാശവാദവുമായി രംഗത്തുവന്ന അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് സാധാരണ റഫ്രിജേറ്ററര്‍ താപനില മതിയാകുമെന്ന് കമ്പനി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഫലപ്രദമെന്ന അവകാശവാദവുമായി രംഗത്തുവന്ന അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് സാധാരണ റഫ്രിജറേറ്റര്‍ താപനില മതിയാകുമെന്ന് കമ്പനി. ഫൈസര്‍ പോലുള്ള ചില കമ്പനികളുടെ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടി വരുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന മൊഡേണയുടെ അവകാശവാദം. 30 ദിവസം വരെ വാക്‌സിന്‍ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. 

തങ്ങളുടെ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് മൊഡേണ അവകാശപ്പെട്ടത്. മൊഡേണ വാക്സിന്‍ കോവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ ആദ്യ വാക്സിനാണെന്നാണ് വിലയിരുത്തല്‍.ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  അതേസമയം വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട്  മോഡേണ കമ്പനിയുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്. വാക്സിന്‍ നല്‍കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്. മൊഡേണയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈദ്യശാസ്ത്രലോകം സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com