ഫൈസറിന്റെയും മോഡേണയുടെയും കോവിഡ്‌ വാക്‌സിന്‍ വിതരണത്തിലേക്ക്?; അവസാനവട്ട കാത്തിരിപ്പില്‍, ക്രിസ്മസിന് മുന്‍പ് ലഭിക്കുമെന്ന് പ്രത്യാശ

ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്താന്‍ സാധ്യത
ചിത്രം: എപി
ചിത്രം: എപി

ന്യൂയോര്‍ക്ക്: ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്താന്‍ സാധ്യത. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമാണെന്ന കണ്ടെത്തല്‍ അമേരിക്കയില്‍ അടുത്ത മാസം വാക്‌സിന്‍ വിതരണം സാധ്യമാക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെടുന്നു. ഡിസംബര്‍ മധ്യത്തോടെ വാക്‌സിന്‍ വിതരണത്തിന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അങ്ങനെയങ്കില്‍ ക്രിസ്മസിന് മുന്‍പ് വിതരണത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കമ്പനി തീരുമാനിച്ചത്.

ഡിസംബറോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബയോണ്‍ടെക് ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ നിലയില്‍ ഉപാധികളോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം പ്രതീക്ഷിച്ച പോലെ സംഭവിച്ചാല്‍ ഡിസംബര്‍ പകുതിയോടെ വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കും. ക്രിസ്തുമസിന് മുന്‍പ് വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം 95 ശതമാനം വിജയകരമാണെന്നാണ് ഫലം നല്‍കുന്നത്. മോഡേണയുടെ അവസാനഘട്ട വാക്‌സിന്‍ പരീക്ഷണവും വിജയമായിരുന്നു. 95 ശതമാനവും ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ രണ്ടു വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം വിതരണം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്‌സ് അസര്‍ പറയുന്നു.

ഈ വര്‍ഷം തന്നെ 5 കോടി വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് ഫൈസര്‍ പറയുന്നത്. 2021ല്‍ 130 കോടി വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com