കൊറോണ വൈറസിനെ 'ജൈവബോംബാ'യി ഉപയോഗിക്കാന്‍ ഫത്‌വ, ദൈവകോപമെന്ന് പ്രചാരണം ; ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിച്ച് ഭീകരസംഘടനകള്‍, യുഎന്‍ റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിയെ തങ്ങളെ പിന്തുണയ്ക്കുന്ന ശൃംഖലയെ വളര്‍ത്താനുള്ള അവസരമായാണ് ഭീകരസംഘടനകള്‍ വിനിയോഗിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ജനീവ : കോവിഡ് മഹാമാരിയില്‍ ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. വൈറസ് ബാധ അവിശ്വാസികള്‍ക്ക് മേലുള്ള ദൈവശിക്ഷയാണ്, പടിഞ്ഞാറിന്റെ മേലുള്ള ദൈവശാപമാണ് എന്നിങ്ങനെയാണ് പ്രചരിപ്പിക്കുന്നത്. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് ജൈവ ആയുധമായി ഉപയോഗിക്കാനും തീവ്രവാദികളെ പ്രേരിപ്പിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് സംബന്ധിച്ച് ഭീകരസംഘടനകളുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ദുഷ്പ്രചരണം എന്ന പേരില്‍ യുഎന്‍ ഇന്റര്‍ റീജിയണല്‍ ക്രൈം ആന്റ് ജസ്റ്റിസ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കോവിഡ് മഹാമാരിയെ തങ്ങളെ പിന്തുണയ്ക്കുന്ന ശൃംഖലയെ വളര്‍ത്താനുള്ള അവസരമായാണ് വിനിയോഗിക്കുന്നത്. സര്‍ക്കാരിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും വൈറസിനെ ആയുധമാക്കുകയും ചെയ്യുന്നു. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. 

വൈറസ് അള്ളാഹുവിന്റെ ഭടനാണെന്നും അവിശ്വാസികളെ ശിക്ഷിക്കുന്നതായും ഭീകരസംഘടനകളായ ഐഎസ്‌ഐഎല്ലും അല്‍ഖ്വയ്ദയും പറയുന്നു. മുസ്ലിമിന്റെ ശത്രുക്കളെയാണ് ഇല്ലാതാക്കുന്നത്. പടിഞ്ഞാറിന്റെ മേലുള്ള ദൈവകോപമാണെന്നും ഭീകരസംഘടനകള്‍ പ്രചരിപ്പിക്കുന്നു. 

രാജ്യം ആക്രമിച്ച കുരിശുയുദ്ധ ശക്തികളും അവരെ പിന്തുണയ്ക്കുന്ന അവിശ്വാസ രാജ്യങ്ങളുമാണ് കൊറോണ വൈറസിനെ പടര്‍ത്തുന്നതെന്ന് ഭീകരസംഘടനയായ അല്‍ ഷബാബ് പ്രഖ്യാപിച്ചിട്ടുണ്ട്.  കൊറോണ വൈറസിനെ ജൈവ ബോംബായി ഉപയോഗിക്കാനും, ശത്രുക്കളുടെ മേല്‍ പടര്‍ത്താനും ഐഎസും അല്‍ഖ്വയ്ദയും അനൗദ്യോഗികമായി ഫത് വ പുറപ്പെടുവിച്ചതായും ഗ്ലോബല്‍ ഫത് വ ഇന്‍ഡെക്‌സ് കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com