'ഇന്ത്യക്കെതിരെ ചൈനയുടെ വൻ സേനാ നീക്കം; 60,000 സൈനികർ അതിർത്തിയിൽ'- മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യക്കെതിരെ ചൈനയുടെ വൻ സേനാ നീക്കം; 60,000 സൈനികർ അതിർത്തിയിൽ- മുന്നറിയിപ്പുമായി അമേരിക്ക
'ഇന്ത്യക്കെതിരെ ചൈനയുടെ വൻ സേനാ നീക്കം; 60,000 സൈനികർ അതിർത്തിയിൽ'- മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൻ: ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയോടു ചേർന്ന് ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. യുഎസ് – ഇന്ത്യ – ജപ്പാൻ – ഓസ്ട്രേലിയ അടങ്ങിയ ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്- ക്യുഎസ്ഡി / ക്വാഡ് ) സഖ്യത്തിനുണ്ടാകുന്ന ചൈനീസ് ഭീഷണികയെക്കുറിച്ചും ബെയ്ജിങ്ങിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും ദി ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവേയാണ് പോംപെയോ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കു സഖ്യകക്ഷിയായി യുഎസിനെ ആവശ്യമുണ്ടെന്നും ചൈനയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയാക്കാൻ അവർ താത്പര്യപ്പെടുന്നുണ്ടെന്നും പോംപെയോ വ്യക്തമാക്കി. ‘ഇന്ത്യയുടെ വടക്ക് വൻ തോതിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന ഇപ്പോൾ. ലോകം ഉണർന്ന് എണീറ്റിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടും’ – പോംപെയോ കൂട്ടിച്ചേർത്തു.

ടോക്ക്യോയിൽ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി പോംപെയോ കൂടിക്കാഴ്ച നടത്തി. ഇന്തോ– പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഇരു നേതാക്കളും ഉന്നയിച്ചിരുന്നു.

ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ഗുണപരമായിരുന്നു എന്നാണു പോംപെയോയുടെ നിലപാട്. ‘ഇത്രയും നാൾ ഞങ്ങൾ (ക്വാഡ് രാജ്യങ്ങൾ) ഉറങ്ങുകയായിരുന്നുവെന്നു വ്യക്തമായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മുന്നേറാൻ ദശകങ്ങളോളം പാശ്ചാത്യ രാജ്യങ്ങൾ അനുവദിച്ചു. മുൻപുണ്ടായിരുന്ന ഭരണകൂടം മുട്ടുമടക്കി, ബൗദ്ധിക സ്വത്തുക്കൾ കവരാൻ ചൈനയെ അനുവദിച്ചു. ഇതിനൊപ്പം ദശലക്ഷക്കണക്കിനു തൊഴിലുകളും പോയിക്കിട്ടി. ക്വാഡ് രാജ്യങ്ങൾക്കും ഇതാണ് അവസ്ഥ’ – പോംപെയോ പറഞ്ഞു.

ടോക്ക്യോ യോഗത്തിനു പിന്നാലെ പോംപെയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെറും വാർഷിക യോഗത്തിനായി ഇന്ത്യയിലെത്തും. ഇതിനു മുന്നോടിയായി ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫൻ ബെയ്ഗണും അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com