സ്‌കൂളുകള്‍ അടച്ചിട്ടത് മൂലം രാജ്യത്തിന് 40,000 കോടി ഡോളറിന്റെ നഷ്ടം, ദക്ഷിണേഷ്യയില്‍ 39 കോടി വിദ്യാര്‍ഥികള്‍ പുറത്ത്; കോവിഡ് വിദ്യാഭ്യാസരംഗത്തും 'വില്ലനായി' 

കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ നീണ്ടക്കാലത്തേയ്ക്ക് അടച്ചിട്ടത് മൂലം രാജ്യത്തിന് 40,000 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകാമെന്ന് ലോകബാങ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ നീണ്ടക്കാലത്തേയ്ക്ക് അടച്ചിട്ടത് മൂലം രാജ്യത്തിന് 40,000 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകാമെന്ന് ലോകബാങ്ക്. പഠന നഷ്ടത്തിന് പുറമേയാണ് ആഭ്യന്തര വരുമാനത്തില്‍ സംഭവിക്കാനിടയുളള ഈ നഷ്ടമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്‌കൂളുകള്‍ നീണ്ടക്കാലത്തേയ്ക്ക് അടച്ചിടുന്നത് മൂലം ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയില്‍ 62200 കോടി ഡോളറിന്റെ നഷ്ടമാണ് ലോകബാങ്ക് പ്രവചിക്കുന്നത്. നഷ്ടത്തിന്റെ വ്യാപ്തി കുറെകൂടി വിപുലമായ തോതില്‍ കണ്ടാല്‍ ഇത് 88000 കോടി ഡോളറായി ഉയരാം. ഇന്ത്യയുടെ നഷ്ടമാണ് ഇതില്‍ ഏറ്റവുമധികം പ്രതിഫലിക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങള്‍ക്കും ജിഡിപിയില്‍ നഷ്ടം നേരിടുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഈ വര്‍ഷം ഏറ്റവും മോശപ്പെട്ട സാമ്പത്തിക നിലയിലേക്കാണ് ദക്ഷിണേഷ്യ നീങ്ങുന്നത്. കോവിഡാണ് രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ 39 കോടി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് പഠന സൗകര്യം മെച്ചപ്പെടുത്താനുളള ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളുകള്‍ അടച്ചിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ ഒട്ടുമിക്ക സര്‍ക്കാരുകളും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും വിദൂരങ്ങളില്‍ കഴിയുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ പ്രയാസപ്പെടുന്നുണ്ട്. ഈ മഹാമാരി 55 ലക്ഷം കുട്ടികളെ ബാധിച്ചേക്കും. ഇവര്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നത് മൂലം കുട്ടികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പുതിയ കാര്യങ്ങള്‍ അറിയുന്നതില്‍ തടസ്സം നേരിട്ടു. കൂടാതെ നിലവില്‍ ഹൃദിസ്ഥമാക്കിയ പലതും ഓര്‍മ്മയില്‍ നിന്നും നഷ്ടപ്പെടാനും ഇടയാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ പഠനം സാധ്യമാകാത്തതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com