ലഡാക്കും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കില്ല ; പ്രകോപന പ്രസ്താവനയുമായി വീണ്ടും ചൈന

അതിര്‍ത്തിയില്‍  44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നടപടിയെയും ചൈന ചോദ്യം ചെയ്തു
ലഡാക്കും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കില്ല ; പ്രകോപന പ്രസ്താവനയുമായി വീണ്ടും ചൈന

ന്യൂഡല്‍ഹി : വീണ്ടും പ്രകോപന പ്രസ്താവനയുമായി ചൈന രംഗത്ത്. ലഡാക്കും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ സേനാവിന്യാസവുമാണ്. സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടികള്‍ ഇന്ത്യ സ്വീകരിക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കി. 

ചൈനയുടെ വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നടപടിയെയും ചൈന ചോദ്യം ചെയ്തു. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം ഇന്ത്യ അതിര്‍ത്തി പ്രദേശത്തു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് എന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ലഡാക്കിനെ നിയമവിരുദ്ധമായി ഇന്ത്യൻ സർക്കാർ  പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശ പദവി അം​ഗീകരിക്കില്ലെന്നും ചൈന അറിയിച്ചു.  അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപന നടപടികളെല്ലാം മറച്ചുവെച്ചുകൊണ്ട് പൂര്‍ണമായും ഇന്ത്യയെ പഴിചാരിയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. 

ചൈനയുമായുളള സംഘര്‍ഷം തുടരവേ, നിയന്ത്രണരേഖയിലേക്ക് സേനാനീക്കം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 44 തന്ത്രപ്രധാന പാലങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസമാണ് നിര്‍വഹിച്ചത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പാലങ്ങളാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. 44 പാലങ്ങളില്‍ പത്തെണ്ണം ജമ്മു കശ്മീരിലാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്കുളള റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ ഇത് വഴി സാധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com