സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ന​ഗരം ചുറ്റി 11കാരൻ; ഓടിച്ചിട്ട് പിടികൂടി പൊലീസ്

താക്കോൽ വാഹനത്തിന്റെ ഡാഷിനുള്ളിലായതും കുട്ടിക്ക് സഹായകമായി
സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ന​ഗരം ചുറ്റി 11കാരൻ; ഓടിച്ചിട്ട് പിടികൂടി പൊലീസ്

വാഷി​ങ്ടൺ: സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ടൗണിൽചുറ്റിക്കറങ്ങി 11കാരൻ. അരമണിക്കൂറോളം കറങ്ങിയ കുട്ടിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കുട്ടി ഓടിച്ച വാ​ഹനം വഴിവക്കിലെ പോസ്റ്റിലും മരത്തിലുമെല്ലാം ഇടിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ലൂസിയാനയിലാണ്​ സംഭവം. ഒക്ടോബർ 11 ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്​.

അവധിയായതിനാൽ പാർക്ക്​ ചെയ്​തിരുന്ന ബസാണ്​ കുട്ടി എടുത്തുകൊണ്ടുപോയത്​. താക്കോൽ വാഹനത്തിന്റെ ഡാഷിനുള്ളിലായതും കുട്ടിക്ക് സഹായകമായി. പ്രാദേശിക സമയം രാവിലെ പതിനൊന്നോടെ കുട്ടി ബസിൽ കടന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോകുകയായിരുന്നു.  അര മണിക്കൂറോളം ബസ്​ നിരത്തിലൂടെ പാഞ്ഞു. വഴിവക്കിലെ മരങ്ങളിലൊക്കെ ഇടിച്ചിട്ടാണ്​ കുട്ടി വാഹനം ഓടിച്ചത്

വിഴിയിലെ ഗ്യാസ് ലൈനിൽ തട്ടിയും സ്വകാര്യ പുരയിടങ്ങളിലൂടെ സഞ്ചരിച്ചും ഒടുവിൽ മരത്തിന്റെ വലിയ ശാഖയുടെ കീഴിലൂടെ പോകാൻ ശ്രമിക്കു​മ്പോൾ അതിൽ ഇടിച്ചുമൊക്കെയായിരുന്നു യാത്രയെന്ന്​ ലൂസിയാന പൊലീസ്​ പറഞ്ഞു. അവസാനം പൊലീസ്​ ബസ്​ തടഞ്ഞ്​ കുട്ടി ഡ്രൈവറെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കുട്ടി പരിഭ്രമമൊന്നും കാണിച്ചിരുന്നില്ലെന്ന്​ ദൃക്‌സാക്ഷികൾ പറഞ്ഞു.

പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 'ആർക്കും പരിക്കേൽക്കാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച് വാഹനം ഓടിച്ച്​ കുട്ടിക്ക്​. സുരക്ഷിതമായി ജീവിക്കാനും മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കരുതെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. പ്രത്യേകിച്ചും സ്‌കൂൾ ബസുകൾ'-ലൂസിയാന പൊലീസ്​ ചീഫ്​ ടോം ഹാർഡി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com