ചൈനയ്ക്ക് മറുപടി; അതിര്‍ത്തിയില്‍ ആറു നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ച് നേപ്പാള്‍, കൂടുതല്‍ കേന്ദ്രങ്ങള്‍ക്ക് നീക്കം

അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി നേപ്പാള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കഠ്മണ്ഡു: അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി നേപ്പാള്‍. അതിര്‍ത്തിയില്‍ ആറു നിരീക്ഷണ കേന്ദ്രങ്ങള്‍ നേപ്പാള്‍ സ്ഥാപിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറി ഹുംല ജില്ലയില്‍ ചൈന ഒന്‍പതിടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നേപ്പാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കൊണ്ടുളള നേപ്പാളിന്റെ മറുപടി.

ഹുംല ജില്ല ഉള്‍പ്പെടെ വിവിധ ജില്ലകളിലാണ് നേപ്പാള്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചത്. നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ ഒന്‍പതിടത്ത് കൂടി നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നേപ്പാള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ പോസ്റ്റുകളിലും നിരീക്ഷണത്തിനായി സൈനികരെ നിയോഗിക്കാനും പദ്ധതിയുണ്ട്.നേപ്പാളിന്റെ അര്‍ദ്ധ സൈനിക വിഭാഗം തന്നെയാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നത്.

ആറുമാസത്തിനിടെ ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ 90 നിരീക്ഷണ പോസ്റ്റുകളാണ് ഇതുവരെ നേപ്പാള്‍ സ്ഥാപിച്ചത്. അതിര്‍ത്തിയില്‍ 500 നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് നേപ്പാള്‍ സര്‍ക്കാരിന്റെ പദ്ധതി. ചൈനയുമായി നേപ്പാള്‍ 1400 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി 1800 കിലോമീറ്ററോളം വരും.

കാലാപാനിയുടെ അവകാശം സംബന്ധിച്ച് ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതിന് പിന്നാലെയാണ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നടപടി ആരംഭിച്ചത്. ഇതിന് ശേഷം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ 85 ഇടത്ത് നേപ്പാള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്്. ഉത്തരാഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് അടുത്ത കാലത്ത് നേപ്പാള്‍ വിമാനത്താവളം തുറന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com