വീണ്ടും കോവിഡ് വ്യാപിക്കുന്നു; അയര്‍ലന്‍ഡില്‍ ആറ് ആഴ്ച ലോക്ക്ഡൗണ്‍

വീണ്ടും കോവിഡ് വ്യാപിക്കുന്നു; അയര്‍ലന്‍ഡില്‍ ആറ് ആഴ്ച ലോക്ക്ഡൗണ്‍ 
വീണ്ടും കോവിഡ് വ്യാപിക്കുന്നു; അയര്‍ലന്‍ഡില്‍ ആറ് ആഴ്ച ലോക്ക്ഡൗണ്‍

ഡബ്ലിന്‍: കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉയര്‍ന്നതോടെ അയര്‍ലന്‍ഡ് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലന്‍ഡ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 

അയര്‍ലന്‍ഡ് ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‌ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപനം നടത്തിയത്. 

'രാജ്യത്തെ എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിക്കുന്നു.' ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും.

എന്നാല്‍ ലോക്ക്ഡൗണിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

അവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി. അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ.

അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകള്‍ അടച്ചിടും. ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഉണ്ടാകില്ല. വീടിന് അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും.

ഒറ്റയക്ക് താമസിക്കുന്നവര്‍ക്ക് സാമൂഹിക ഒറ്റപ്പെടലോ, മാനസികാരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി സോഷ്യല്‍ ബബിള്‍ എന്നൊരു പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാന്‍ സാധിക്കും.

നിയന്ത്രണങ്ങള്‍ കര്‍ശനമാണെന്ന് തോന്നാമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആറ് ആഴ്ചകളില്‍ ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ അര്‍ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും' - പ്രധാനമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com