കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ; വിതരണം സൈന്യത്തെ ഏല്‍പ്പിക്കുമെന്ന് ട്രംപ് ; ചൂടേറിയ സംവാദം 

താന്‍ പ്രസിഡന്റ് ആയാല്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം പുനഃസ്ഥാപിക്കുമെന്ന് ബൈഡന്‍
കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ; വിതരണം സൈന്യത്തെ ഏല്‍പ്പിക്കുമെന്ന് ട്രംപ് ; ചൂടേറിയ സംവാദം 


വാഷിങ്ടണ്‍ : കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മഹത്തായ ജോലിയാണ് ചെയ്യുന്നത്. മോഡേണ, ഫൈസര്‍ തുടങ്ങിയ കമ്പനികളും വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഊര്‍ജ്ജിത പ്രവര്‍ത്തനത്തിലാണ്. വാക്‌സിന് അനുമതി നല്‍കിക്കഴിഞ്ഞാല്‍, സൈന്യത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നാഷ് വില്ലിയിലെ ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റിയിലാണ് അവസാന സംവാദം നടക്കുന്നത്. കോവിഡ് ഉടന്‍ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. യു എസ് കോവിഡ് പ്രതിരോധ തലവന്‍ ഡോ. അന്തോണിയോ ഫൗച്ചിക്കെതിരെ ട്രംപ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഫൗച്ചി ദുരന്തമെന്ന് ട്രംപ് വിശേഷിപ്പിച്ചു. താന്‍ കോവിഡ് മുക്തനായെന്നും, പ്രതിരോധ ശേഷി നേടിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. 

തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. രാജ്യം അടച്ചിടാനാകില്ല. വലിയ സമ്പദ് വ്യവസ്ഥയാണ് യുഎസിന്റേത്. ആളുകള്‍ വിഷാദാവസ്ഥയിലേക്ക് പോകുന്നു. പ്രശ്‌നത്തേക്കാള്‍ മോശമാകില്ല ചികില്‍സയെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റ് ഭരണത്തില്‍ ന്യുയോര്‍ക് പ്രേതനഗരമായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ കോവിഡ് രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.

ജോ ബൈഡൻ സംവാദത്തിൽ
ജോ ബൈഡൻ സംവാദത്തിൽ

അതേസമയം ട്രംപിന്റേത് കഴമ്പില്ലാത്ത അവകാശവാദമെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. കോവിഡിനെതിരെ ഭരണകൂടം പരാജയപ്പെട്ടു. കോവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡന്‍ ആരോപിച്ചു. രാജ്യത്ത് വര്‍ണവെറി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു. 

താന്‍ പ്രസിഡന്റ് ആയാല്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം പുനഃസ്ഥാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കും. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് പണം ചെലവഴിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും ജോ ബൈഡന്‍ കുറ്റപ്പെടുത്തി. 

അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെ എതിര്‍ത്ത ബൈഡന്‍, രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ് ഘടനയാണെന്നും അഭിപ്രായപ്പെട്ടു.  നികുതി അടയ്ക്കുന്നതില്‍ ട്രംപ് പരാജയമാണ്. ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും മകനും ഇറാഖില്‍ നിന്നും പണം സമ്പാദിച്ചെന്ന് ട്രംപ് തിരിച്ചടിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍, അക്കൗണ്ടും അവസാനിപ്പിച്ചെന്നും ട്രംപ് മറുപടി നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com