ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ചു കടന്നു : ആരോപണവുമായി ചൈന

ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചിന്‍യിങ് പറഞ്ഞു
ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ചു കടന്നു : ആരോപണവുമായി ചൈന

ബെയ്ജിങ് : ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ചു കടന്നതായി ചൈന. പാങ്‌ഗോങ് സോയില്‍ ഇന്ത്യന്‍ സൈന്യം കടന്നുകയറിയെന്നാണ് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി ആരോപിച്ചു. ഓഗസ്റ്റ് 29, 30 തീയതികളില്‍ രാത്രിയായിരുന്നു കടന്നുകയറ്റം.
 

പാങ്‌ഗോങ് സോയിലെ തെക്കന്‍ തീരത്തായിരുന്നു കടന്നുകയറ്റം. എന്നാല്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ പിന്തിരിഞ്ഞു പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ നടപടി ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നതും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.  

ചൈന ഒരു രാജ്യത്തിന്റെയും അതിര്‍ത്തി കടന്നിട്ടില്ലെന്നും, ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈനീസ് സേന ഒരിക്കലും അതിര്‍ത്തി ലംഘിച്ചിട്ടില്ല. ചൈന ഒരിക്കലും യുദ്ധമോ സംഘര്‍ഷമോ ഉണ്ടാകുന്ന വിധം പ്രകോപനപരമായി പെരുമാറിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചിന്‍യിങ് പറഞ്ഞു. 

അതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചിന്‍യിങ് പറഞ്ഞു. ഇരുരാജ്യങ്ങളും വസ്തുതകളില്‍ ഉറച്ചുനില്‍ക്കണമെന്നും ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്തണം. സമാധാനവും അതിര്‍ത്തിയില്‍ ശാന്തതയും കൈവരുത്തുന്നതിനായി ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും ചിന്‍യിങ് ആവശ്യപ്പെട്ടു. 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ചൈനീസ് വിദേശകാര്യ വക്താവ് അനുശോചിച്ചു. 50 വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ പ്രണബ് മുഖര്‍ജി, ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈയെടുത്ത നേതാവാണ്. ഇന്ത്യ-ചൈന ബന്ധത്തിലെ കനത്ത നഷ്ടമാണ് പ്രണബ് മുഖര്‍ജിയുടെ വിയോഗമെന്ന് ഹുവാ ചിന്‍യിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com