സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യ ; ഉഭയകക്ഷി ബന്ധം വഷളായി ; പഴിചാരി വീണ്ടും ചൈന

അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാകാതെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലെത്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി 
സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യ ; ഉഭയകക്ഷി ബന്ധം വഷളായി ; പഴിചാരി വീണ്ടും ചൈന

മോസ്‌കോ : അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്നും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗി പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനയുടെ ആരോപണം. 

അതിർത്തിയിലെ സ്ഥിതി​ഗതികളെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ചൈനീസ് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ ഭൂപ്രദേശവും പരമാധികാരവും സംരക്ഷിക്കാന്‍ ചൈനീസ് സേനയ്ക്ക് കഴിവും വിശ്വാസവും ഉണ്ടെന്നും വെയ് ഫെങ്ഗി പറഞ്ഞു. മോസ്‌കോയില്‍ ഷാഹ്ഗായി ഉച്ചകോടിക്കിടെയാണ് രാജ്‌നാഥ് സിങും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. 

2020 മെയില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും സുപ്രധാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. പെങ്‌സോ തടാകക്കരയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യം അറിയിച്ചത്. 

അതിനിടെ അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാകാതെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലെത്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗ്ല പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തെയും ബാധിച്ചു. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് ഇപ്പോള്‍ പരമപ്രധാനമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഇന്ത്യ–ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതി മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ രൂക്ഷമെന്നും വിഷയത്തില്‍ ഇടപെട്ട് ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com