യുഎസ് സുപ്രീം കോടതി 'ഫെമിനിസ്റ്റ് ബിംബം'- റൂത്ത് ബെയ്ഡർ ഗിൻസ്‌ബെർഗ് അന്തരിച്ചു

യുഎസ് സുപ്രീം കോടതി 'ഫെമിനിസ്റ്റ് ബിംബം'- റൂത്ത് ബെയ്ഡർ ഗിൻസ്‌ബെർഗ് അന്തരിച്ചു
യുഎസ് സുപ്രീം കോടതി 'ഫെമിനിസ്റ്റ് ബിംബം'- റൂത്ത് ബെയ്ഡർ ഗിൻസ്‌ബെർഗ് അന്തരിച്ചു

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി ജസ്റ്റിസും സ്ത്രീകളുടെ അവകാശങ്ങൾക്കായി ശക്തമായി നില കൊള്ളുകയും ചെയ്ത റൂത്ത് ബെയ്ഡർ ഗിൻസ്‌ബെർഗ് അന്തരിച്ചു. 87 വയസായിരുന്നു അവർക്ക്. മെറ്റാസ്റ്റാറ്റിക്‌ പാൻക്രിയാറ്റിക് കാൻസർ ബാധിതയായിരുന്നു അവർ. 

സുപ്രീം കോടതിയിലെ രണ്ടാമത്തെ വനിതാ ജസ്റ്റിസായിരുന്നു റൂത്ത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി കരുത്തോടെ നിലകൊണ്ടിരുന്ന റൂത്തിനെ സുപ്രീം കോടതിയുടെ ഫെമിനിസ്റ്റ് ബിംബമെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ചെറുപ്പക്കാരായ വനിതകളുടെ പ്രിയപ്പെട്ടവളായിരുന്നു കോടതിയുടെ ജൂത മുത്തശ്ശി. 'നൊട്ടോറിയസ് ആർബിജി' എന്നാണ് അവർ റൂത്തിനെ സ്‌നേഹപൂർവം വിളിച്ചിരുന്നത്. 

സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുളള റൂത്തിന്റെ പ്രവർത്തനങ്ങളും, ആരോഗ്യ പ്രശ്‌നങ്ങളെയും വ്യക്തിപരമായ നഷ്ടത്തേയും കരുത്തോടെ നേരിട്ടവരായിരുന്നു റൂത്ത്. അതുകൊണ്ടു തന്നെ അവർ ചെറുപ്പക്കാരുടെ മാതൃകാ സ്ത്രീയായി മാറി. 

1999 മുതലാണ് കാൻസറുമായുളള റൂത്തിന്റെ പോരാട്ടം ആരംഭിക്കുന്നത്. 99ൽ കോളൻ കാൻസറിനെ അതിജീവിച്ച റൂത്ത് പത്ത് വർഷത്തിന് ശേഷം പാൻക്രിയാറ്റിക് കാൻസറിനേയും അതിജീവിച്ചിരുന്നു. 2018‌ലാണ് ശ്വാസകോശത്തിൽ മുഴ കണ്ടെത്തുന്നത്. കഴിഞ്ഞ ജൂലായിൽ താൻ കീമോ തെറാപ്പിക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണെന്ന് റൂത്ത് അറിയിച്ചിരുന്നു. 

1993-ലാണ് അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ റൂത്തിനെ സുപ്രീം കോടതിയിൽ നിയമിക്കുന്നത്. റൂത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച ക്ലിന്റൺ തന്റെ പ്രതീക്ഷകളേക്കാൾ ഉയരത്തിലായിരുന്നു റൂത്തിന്റെ പ്രവർത്തനമെന്ന് ഓർമിച്ചു. 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കേയാണ് റൂത്തിന്റെ മരണം. റൂത്തിന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും നിയോഗിക്കേണ്ടതുണ്ടോ അതോ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ആ പദവി ഒഴിഞ്ഞുകിടക്കണോയെന്ന് റിപ്പബ്ലിക്കന്റെ നേതൃത്വത്തിലുളള സെനറ്റാണ് തീരുമാനിക്കേണ്ടത്. പുതിയൊരു പ്രസിഡന്റ് ചുമതലയേൽക്കുന്നതുവരെ എന്റെ പദവിയിൽ മറ്റൊരാൾ നിയോഗിക്കപ്പെടരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ഈ വർഷം ആദ്യം റൂത്ത് അഭിപ്രായപ്പെട്ടിരുന്നു. 

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഡൊണാൾഡ് ട്രംപിനെ റൂത്ത് വിമർശിച്ചത് വലിയ വിവാദമായിരുന്നു. ജഡ്ജിമാർ പക്ഷപാത രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന വിമർശനത്തെ തുടർന്ന് റൂത്ത് ക്ഷമാപണം നടത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com