'പിന്നില്‍ നിന്ന് കുത്തി'; ചൈനയ്ക്ക് എതിരെ നേപ്പാളിലും പ്രതിഷേധം

കഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
'പിന്നില്‍ നിന്ന് കുത്തി'; ചൈനയ്ക്ക് എതിരെ നേപ്പാളിലും പ്രതിഷേധം

കഠ്മണ്ഡു: അതിര്‍ത്തിയില്‍ കടന്നുകയറ്റം സ്ഥിരീകരിച്ചതിന് പിന്നാലെ നേപ്പാളില്‍ ചൈനയ്ക്ക് എതിരെ പ്രതിഷേധം. കഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചൈന പിന്നില്‍ നിന്ന് കുത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്. ചൈനയുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 

ഹുമ്‌ല ജില്ലയില്‍ ചൈന പതിനൊന്നോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് നേപ്പാള്‍ ഭരണകൂടം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. 

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചൈന, നേപ്പാള്‍ ജനതയെ പ്രദേശത്തേക്ക് കടക്കുന്നത് തടഞ്ഞുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

നേപ്പാളിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്നാണ് വിവരം. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന നേപ്പാളിലും കടന്നുകയറ്റം നടത്തിയിരിക്കുന്നത്. 

നേരത്തെ, പ്രദേശത്ത് നേപ്പാള്‍ റോഡ് നിര്‍മ്മിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡര്‍ പില്ലര്‍ ഇപ്പോള്‍ കാണാനില്ലെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേപ്പാളില്‍ ചൈനയുടെ വന്‍കിട നിക്ഷേപ പദ്ധതിക്ക് അവസരമൊരുക്കിയതിന്റെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് കയ്യേറ്റം നടന്നതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. 

ഇന്ത്യയുമായി അകന്ന് ചൈനയുമായി ബന്ധം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ശ്രമിക്കുന്നതെന്ന് ആരോപിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്‌കമാല്‍ ദഹല്‍ രംഗത്തുവന്നിരുന്നു. ഒലി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ്, അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായിരിക്കുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് തങ്ങളുടെ ഭാഗത്താണ് എന്നാണ് ചൈന നല്‍കിയിരിക്കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com