ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന് കത്തിച്ചു; 'ക്രൂരമായ ആക്രമണം'; ഉത്തര കൊറിയയ്ക്ക് എതിരെ ദക്ഷിണ കൊറിയ

നോര്‍ത്ത് കൊറിയന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ചു. അതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.' എന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

സോള്‍: തങ്ങളുടെ  ഉദ്യോഗസ്ഥനെ ഉത്തരകൊറിയ വെടിവെച്ചു കൊന്ന് കത്തിച്ചെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം. നിരീക്ഷണ ബോട്ടില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ പിന്നീട് ഉത്തര കൊറിയന്‍ കടലിലാണ് കണ്ടതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. 

'നോര്‍ത്ത് കൊറിയന്‍ സൈന്യം അദ്ദേഹത്തെ വെടിവെച്ചു. അതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.' എന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോപണത്തില്‍ പ്രതികരിക്കാന്‍ ഉത്തര കൊറിയ തയ്യാറായിട്ടില്ല. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉത്തര കൊറിയ സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചു കൊല്ലാനാണ് ഭരണാധികാരി കിം ജോങ് ഉന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. 

നോര്‍ത്ത് കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ആറ് മൈല്‍ മാറി കടലില്‍ പട്രോളിങ് നടത്തിയിരുന്ന ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥനെയാണ് തിങ്കളാഴ്ച കൊന്നത് എന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. 

ഉദ്യോഗസ്ഥനെ പിടിച്ചുകൊണ്ടുപോയ ഉത്തര കൊറിയന്‍ സൈന്യം, ചോദ്യം ചെയ്യലിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം കത്തിച്ചപ്പോള്‍ ഉത്തര കൊറിന്‍ സൈനികര്‍ ഗ്യാസ് മാസ്‌ക് ധരിച്ചിരുന്നതായും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു. 

ക്രൂരമായ സംഭവത്തെ അപലപിക്കുന്നു എന്നും ഉത്തര കൊറിയ വിശദീകരണം നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com