കോവിഡ് പ്രോട്ടോക്കൾ ലം​ഘിച്ച് പിറന്നാൾ ആഘോഷം; നോർവെ പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ

കോവിഡ് പ്രോട്ടോക്കൾ ലം​ഘിച്ച് പിറന്നാൾ ആഘോഷം; നോർവെ പ്രധാനമന്ത്രിക്ക് 1.76 ലക്ഷം രൂപ പിഴ
എർണ സോൾബെർ​ഗ്/ ട്വിറ്റർ
എർണ സോൾബെർ​ഗ്/ ട്വിറ്റർ

ഓസ്ലോ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നോർവെ പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ. പ്രധാനമന്ത്രി എർണ സോൾബെർഗിനാണ് കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസാണ് പിഴ ചുമത്തിയത്. 

20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോളാണ് പ്രധാനമന്ത്രി ലംഘിച്ചത്. 

പ്രധാനമന്ത്രിയുടെ 60ാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് നോർവീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

ഇത്തരം സംഭവങ്ങളിൽ കർശനമായി പിഴ ചുമത്താറില്ലെന്ന് പൊലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല', പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com