തുറിച്ചു നില്‍ക്കുന്ന കണ്ണുകള്‍, കൈകാലുകളില്‍ നീണ്ട നഖം, ശരീരത്തില്‍ മുഴുവന്‍ സൂക്ഷ്മ ജീവികള്‍; അമേരിക്കയെ വിറപ്പിച്ച് അപൂര്‍വ്വയിനം തവള

അമേരിക്കയില്‍ ജനങ്ങളില്‍ ആശങ്കയുയര്‍ത്തി പ്രത്യേകയിനം ആഫ്രിക്കന്‍ തവളകള്‍ പെരുകുന്നു
അപൂര്‍വ്വയിനം ആഫ്രിക്കന്‍ തവള
അപൂര്‍വ്വയിനം ആഫ്രിക്കന്‍ തവള

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജനങ്ങളില്‍ ആശങ്കയുയര്‍ത്തി പ്രത്യേകയിനം ആഫ്രിക്കന്‍ തവളകള്‍ പെരുകുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കണ്ടെത്തിയ തവളകള്‍ ജല ആവാസവ്യവസ്ഥയെ തകിടം മറിക്കുമോ എന്ന ഭീതിയിലാണ് ജന്തുശാസ്ത്ര, പരിസ്ഥിതി വിദഗ്ധര്‍. സബ് സഹാറന്‍ ക്ലോവ്ഡ് ഫ്രോഗ്സ് എന്നറിയപ്പെടുന്ന ഈ തവളകളുടെ പ്രധാന അടയാളം സാധാരണ തവളകളേക്കാള്‍ തുറിച്ചു നില്‍ക്കുന്ന കണ്ണുകളും കൈകാലുകളിലെ നഖവുമാണ്. 

ആഫ്രിക്കയില്‍ കണ്ടുവരുന്ന ഈ തവളകള്‍ എങ്ങനെ അമേരിക്കയില്‍ എത്തി എന്നതും ദുരൂഹമായി തുടരുകയാണ്. മനുഷ്യര്‍ക്ക് പറയത്തക്ക ശല്യമൊന്നുമില്ലെങ്കിലും പ്രദേശത്തു വ്യാപിച്ച്, ആവാസവ്യവസ്ഥ തകിടം മറിക്കാന്‍ ഇവയ്ക്കു കഴിവുണ്ടെന്നു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. ഭക്ഷണം കണ്ടെത്തുന്നതിലെ അക്രമണോല്‍സുകത കാരണം പ്രദേശത്തു താമസിക്കുന്ന മറ്റു തവളകള്‍ക്ക് ഭീഷണിയായി മാറാമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

നൈജീരിയ മുതല്‍ സുഡാന്‍ വരെയുള്ള രാജ്യങ്ങളില്‍ സാധാരണയായി കാണപ്പെടാറുള്ള തവളകളാണ് ഇവ. പൂര്‍ണമായും ജലത്തില്‍ കഴിയാന്‍ ഇഷ്ടമുള്ള ഇവ പൊതുവേ ചാരനിറത്തിലോ പച്ചനിറത്തിലോ കാണപ്പെടുന്നവയാണ്. നാക്കുകളും പല്ലുകളും ഇല്ലാത്ത ഇവ കൈകള്‍ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നഖമുള്ള കൈകള്‍ ഉപയോഗിച്ച് ഇരയായി കിട്ടുന്ന പ്രാണികളെ അടര്‍ത്താനും വായിലേക്കു വയ്ക്കാനും ഇവയ്ക്കു കഴിയും. കൈകാലുകളില്‍ നഖമുള്ള തവളകള്‍ വളരെ അപൂര്‍വമാണ്. എന്നാല്‍ ഈ നഖം ഉപയോഗിച്ച് മനുഷ്യരെ ആക്രമിക്കാന്‍ ഇവയ്ക്കു കഴിയില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 

ഇതിനു പുറമേ, ഒട്ടേറെ ഫംഗസ്, ബാക്ടീരിയ, അമീബ തുടങ്ങിയ സൂക്ഷ്മകോശജീവികളെയും ഇവ ശരീരത്തില്‍ വഹിക്കുന്നുണ്ടെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. അതിനാല്‍ തന്നെ തദ്ദേശീയരായ തവളകള്‍ക്കും മറ്റു ജലജീവികള്‍ക്കും രോഗം പടര്‍ത്താനും ഇവയ്ക്കു കഴിവുണ്ട്.
വേനല്‍ക്കാലത്ത് ചെളിയിലൊളിക്കുന്ന ഇവയ്ക്ക് ഒരു വര്‍ഷം വരെ ഇങ്ങനെ തുടരാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com