വാക്‌സിന്‍ സ്വീകരിക്കാന്‍ യുവതി എത്തിയത് വിവാഹവസ്ത്രമണിഞ്ഞ്; കാരണം ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

വിവാഹവസ്ത്രം ധരിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ 
വിവാഹവസ്ത്രത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ യുവതി /ചിത്രം ട്വിറ്റര്‍
വിവാഹവസ്ത്രത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ യുവതി /ചിത്രം ട്വിറ്റര്‍

വിവാഹവസ്ത്രം ധരിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.  അമേരിക്കയിലെ ബാള്‍ട്ടിമോര്‍കാരിയായ ഒരു സ്ത്രീയാണ് വാക്‌സിന്‍ കുത്തിവെപ്പിന് തന്റെ വെളുത്ത നിറമുള്ള വിവാഹവസ്ത്രം ധരിച്ചെത്തിയത്.

സാറാ സ്റ്റഡ്‌ലി എന്ന യുവതിയാണ് വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ശ്രദ്ധേയയായത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സാറയുടെ വിവാഹ റിസപ്ഷന്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ആദ്യത്തെ വാക്‌സിന്‍ സ്വീകരിക്കുന്ന മുഹൂര്‍ത്തം എക്കാലത്തും ഓര്‍ത്ത് വെക്കാന്‍ കഴിയുന്നതാക്കി മാറ്റാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എം ആന്‍ഡ് ടി ബാങ്ക് സ്‌റ്റേഡിയത്തില്‍ വെച്ചാണ് സ്റ്റഡ്‌ലി കുത്തിവെപ്പ് സ്വീകരിച്ചത്.

2019 നവംബറിലാണ് സ്റ്റഡ്‌ലിയും ബ്രയാന്‍ ഹോര്‍ലറും തമ്മിലെ വിവാഹനിശ്ചയം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞ് നൂറിലധികം ആളുകളെ വിളിച്ച് കെങ്കേമമായി വിവാഹം കഴിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കോവിഡ് കാരണം ഇരുവരുടെയും പദ്ധതികള്‍ തകിടം മറിയുകയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് വളരെ ലളിതമായ രീതിയില്‍ മാത്രം വിവാഹ ചടങ്ങ് നടത്തുകയുമായിരുന്നു.

എന്നാല്‍, കോവിഡ് കാരണം മുടങ്ങിപ്പോയ റിസപ്ഷന്‍ പാര്‍ട്ടി ഈ ജൂണിലെങ്കിലും നടത്താന്‍ കഴിയുമെന്നാണ് സ്റ്റഡ്‌ലി കണക്ക് കൂട്ടിയത്. ഈ ചടങ്ങിന് വേണ്ടിയാണ് ഇവര്‍ പ്രത്യേക വസ്ത്രം വാങ്ങിയതും. എന്നാല്‍, കോവിഡ് മഹാമാരി കൂടുതല്‍ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദമ്പതികള്‍ ആ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ റിസപ്ഷനു വേണ്ടി വാങ്ങിയ വസ്ത്രം ധരിക്കാന്‍ പറ്റിയ മറ്റൊരു അവസരം ഇല്ലാതായി. ഇതോടെയാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ യുവതി വിവാഹവസ്ത്രം അണിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com