'ആദ്യം അമേരിക്ക, മറ്റുള്ളവർ പിന്നീട്'- കോവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കൾ ഇന്ത്യക്ക് ഇപ്പോൾ നൽകില്ലെന്ന് ബൈഡൻ ഭരണകൂടം

'ആദ്യം അമേരിക്ക, മറ്റുള്ളവർ പിന്നീട്'- കോവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കൾ ഇന്ത്യക്ക് ഇപ്പോൾ നൽകില്ലെന്ന് ബൈഡൻ ഭരണകൂടം
അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡൻ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു/ ഫയൽ
അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡൻ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു/ ഫയൽ

വാഷിങ്ടൺ: കോവി‍ഡ് രൂക്ഷമായിരിക്കുന്ന ഇന്ത്യയിലേക്ക് കോവിഡ് വാക്സിൻ ഉത്പാദനത്തിനുള്ള  അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കു നിരോധനം ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് അമേരിക്ക. അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡൻ ഭരണകൂടം വ്യക്തമാക്കി.

അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃത വസ്തുക്കൾ കിട്ടാത്തതുമൂലം വാക്സിൻ നിർമാണവും മന്ദഗതിയിലാണ്. യുഎസിൽ നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാന കാരണം.

അതിനാൽ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോൾ പരിഗണിക്കുമെന്ന ചോദ്യത്തിന് “അമേരിക്കയാണ് ആദ്യം. അമേരിക്കൻ ജനതയ്ക്ക് വാക്സിനേഷൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ’’ എന്നായിരുന്നു  പ്രൈസിന്റെ മറുപടി. 

മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. അതിനാൽ അമേരിക്കയ്ക്കാണ് മുൻഗണന. ബാക്കി രാജ്യങ്ങൾക്കു വേണ്ടിയും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആവശ്യം മനസിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യുഎസ് നേരത്തേ ഉറപ്പു നൽകിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉത്പാദന നിയമ (ഡിപിഎ) പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമ പരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും യുഎസ് ഇന്ത്യയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com