വായുവില്‍ ഒരു മണിക്കൂര്‍ തങ്ങിനില്‍ക്കും, കോവിഡിന്റെ വ്യാപനശേഷി കൂടിയ പുതിയ വകഭേദം ശ്രീലങ്കയിലും 

കഴിഞ്ഞ ആഴ്ച നടന്ന പുതുവര്‍ഷാഘോഷങ്ങള്‍ക്ക് പിന്നാലെ പുതിയ വകഭേദം വളരെയധികം വ്യാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളംബോ: ശ്രീലങ്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം ഇതുവരെ കണ്ടെത്തിയവയേക്കാള്‍ ശക്തിയേറിയതെന്ന് രോഗപ്രതിരോധ ശാസ്ത്രജ്ഞര്‍. വളരെ വേഗം വ്യാപനം സംഭവിക്കുന്ന ഈ വകഭേദം അന്തരീക്ഷത്തില്‍ ഒരു മണിക്കൂറോളം തങ്ങിനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. ശ്രീലങ്കയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്നതാണ് ഇവയെന്ന് വിദഗ്ധര്‍ പറഞ്ഞു. 

രാജ്യത്ത് കഴിഞ്ഞ ആഴ്ച നടന്ന പുതുവര്‍ഷാഘോഷങ്ങള്‍ക്ക് പിന്നാലെ ഈ പുതിയ വകഭേദം വളരെയധികം വ്യാപിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. ഇത് കോവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കുന്ന തരത്തില്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

മുമ്പ് രോഗലക്ഷണങ്ങള്‍ ഗുരുതരമായി കാണപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രകടമാണ്. ഇവരില്‍ പലരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.  രാജ്യത്ത് കോവിഡ് ബാധിതര്‍ ആകുന്നവരില്‍ അധികവും യുവാക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. 

ഏപ്രില്‍ പകുതിവരെ 150 പ്രതിദിന രോഗികളായിരുന്ന ശ്രീലങ്കയില്‍ നിലവില്‍ 600 പേരോളമാണ് ദിനംപ്രതി കോവിഡ് ബാധിതരാകുന്നത്. രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൈവിട്ടുതുടങ്ങിയെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ 99,691 കേസുകള്‍ എന്ന നിലയിലാണ് രാജ്യം. ഇതിനോടകം 632 മരണങ്ങളാണ് ഇവിടെ കോവിഡ് മൂലം സംഭവിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com