ഡെല്‍റ്റ പടരുന്നു  ; റഷ്യയിലും ക്യൂബയിലും തായ്‌ലന്‍ഡിലും രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങള്‍

റഷ്യയില്‍ 22,408 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബാങ്കോക്ക് : ലോകരാജ്യങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നു. തായ്‌ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,027 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.

തായ്‌ലന്‍ഡിലെ കോവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷമായി ഉയര്‍ന്നു. പുതുതായി 178 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ രോഗികളില്‍ 60 ശതമാനത്തിനും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ 80 ശഥമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് പടര്‍ന്നുപിടിച്ചിട്ടുള്ളത്. 

ക്യൂബയിലും രോഗബാധ വര്‍ധിക്കുകയാണ്. പ്രതിദിന രോഗബാധയില്‍ റെക്കോഡ് വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 9,747 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 87 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ 2,845 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,94,343 ആയി ഉയര്‍ന്നു. 

റഷ്യയില്‍ 22,408 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62,88,677 ആയി.  789 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,59,352 ആയി ഉയര്‍ന്നു. ഇറാനില്‍ പുതുതായി 32,511  പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 39,03,519 ആയി ഉയര്‍ന്നു.

വിയറ്റ് നാം, മലേഷ്യ, ജപ്പാന്‍, ന്യൂ സൗത്ത് വെയില്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് പടരുകയാണ്.  ഡെല്‍റ്റ വകഭേദം പടരുന്നത് തടയുക ലക്ഷ്യമിട്ട് വിയറ്റ്‌നാമും മലേഷ്യയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒളിംപിക്‌സ് ആതിഥേയ നഗരമായ ടോക്യോ കഴിഞ്ഞദിവസം തന്നെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com