സാമ്പത്തിക പ്രതിസന്ധി; പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക്

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം
ഇമ്രാന്‍ ഖാന്‍/ഫയല്‍
ഇമ്രാന്‍ ഖാന്‍/ഫയല്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം. സാമ്പത്തിക പ്രതിസന്ധിമൂലമാണ് നടപടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റിയാണ് വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം നടത്തുന്നത്.

ഭാരിച്ച ചെലവുകള്‍ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികള്‍ക്ക് നല്‍കുന്നതിനുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികള്‍ ചിലവാകുമെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ലാഹോറിലുളള ഗവര്‍ണര്‍ വസതി മ്യൂസിയവും ആര്‍ട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബിലെ ഗവര്‍ണര്‍ വസതി ടൂറിസ്റ്റ് കോംപ്ലക്‌സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവര്‍ണര്‍ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. 

ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ പാക് സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ഇമ്രാന്‍ഖാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ചിലര്‍ ഇപ്പോഴും കോളോണിയല്‍ യജമാനന്മാരെ പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019-ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നല്‍കിയിരുന്നു. ബ്രിഗേഡിയര്‍ വസീം ഇഫ്തിഖര്‍ ചീമയുടെ മകള്‍ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി വാടകയ്ക്ക് നല്‍കിയത്. ഇമ്രാന്‍ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയര്‍. ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com