'വുഹാനിലല്ല; അന്വേഷിക്കേണ്ടത് മറ്റ് രാജ്യങ്ങളിൽ'- ഡബ്ല്യുഎച്ഒയോട് ചൈനീസ് ശാസ്ത്രജ്ഞൻ

'വുഹാനിലല്ല; അന്വേഷിക്കേണ്ടത് മറ്റ് രാജ്യങ്ങളിൽ'- ഡബ്ല്യുഎച്ഓയോട് ചൈനീസ് ശാസ്ത്രജ്ഞൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന വിവാദത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണ് വൈറസ് വ്യാപിച്ചത് എന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ഡബ്ല്യുഎച്ഒയുടെ അന്വേഷണം. ഇപ്പോഴിതാ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധര്‍.

മറ്റ് രാജ്യങ്ങളിലെ ലാബുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ചൈനയിലെ ഡബ്ല്യുഎച്ഓയെ നയിക്കുന്ന ശസ്ത്രജ്ഞനാണ് രംഗത്തെത്തിയത്. ചൈനയ്ക്ക് പുറത്ത് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടാകാം എന്നാണ് ഇദ്ദേഹത്തിന്റെ വാദം.  

കോവിഡ് 19 ന് കാരണമാകുന്ന സാര്‍സ്‌കോവ് 2 എന്ന വൈറസ് മനുഷ്യരിലേക്ക് വുഹാനില്‍ നിന്നല്ല പടര്‍ന്നതെന്ന് യുഎന്‍ ആരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത അന്വേഷണത്തിലെ ചൈനീസ് പ്രതിനിധി കൂടിയായ ലിയാങ് വാനിയന്‍ വ്യക്തമാക്കിയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതിനേക്കാള്‍ മുന്‍പ് മൃഗങ്ങളിലും പ്രകൃതിയിലും മനുഷ്യ സാമ്പിളുകളിലും വൈറസ് കണ്ടെത്തിയ രാജ്യങ്ങളെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തണമെന്ന് വാനിയന്‍ പറയുന്നു. 

പൊതുവായി ലഭ്യമായ ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. വവ്വാലുകളും ഇനാംപേച്ചികളും കൂടുതലുള്ള രാജ്യങ്ങളില്‍ കാര്യമായ രീതിയില്‍ തന്നെ വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചൈനയിലെ ദൗത്യത്തില്‍ ഉപയോഗിച്ച ഫലപ്രദമായ പ്രവര്‍ത്തന സംവിധാനങ്ങളും രീതികളും മറ്റ് രാജ്യങ്ങളിലെ അന്വേഷണത്തിനും ഉപയോഗപ്പെടുത്തണം. അന്വേഷണം ശാസ്ത്രീയതയും കൃത്യതയും നിയമസാധുത ഉള്ളതും നീതി ഉറപ്പാക്കുന്നതുമായിരിക്കണമെന്നും വാനിയന്‍ പറഞ്ഞു. 

അന്വേഷണം നടത്തുന്ന സംഘത്തിനെ സാങ്കേതിക പരിജ്ഞാനമുള്ള ആള്‍ നയിക്കണം. അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡബ്ല്യുഎച്ഒയിലെ ഒരു വിദഗ്ധന്‍ അതുമല്ലെങ്കില്‍ അന്വേഷണം നടക്കുന്ന രാജ്യത്തുള്ള ഒരു വിദഗ്ധന്‍ അങ്ങനെ ഒരാളെ സംഘത്തില്‍ ഉള്‍പ്പെടുത്തണം- വാനിയന്‍ കൂട്ടിച്ചേര്‍ത്തു.

വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ ഉത്ഭവം എന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷിക്കാനായി ഡബ്ല്യുഎച്ഒയുടെ വിദഗ്ധര്‍ നാല് ആഴ്ചകളാണ് ചെലവഴിച്ചത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന യാതൊരു തെളിവുകളുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഡബ്ല്യുഎച്ഒ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മറ്റ് രാജ്യങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. 

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ നിരാകരിക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗെബ്രിയേസസ് കൈക്കൊണ്ടത്. ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാകമെന്ന വിഷയത്തില്‍ ഇനിയും അന്വേഷണം വേണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. വുഹാനിലെ ലബോറട്ടറികളെയും മാര്‍ക്കറ്റുകളെയും സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

എന്നാല്‍ ഡബ്ല്യുഎച്ഓയുടെ ഈ നീക്കത്തെ ചൈന അതിശക്തമായാണ് എതിര്‍ത്തത്. ഇത്തരത്തിലുള്ള ഇഴകീറിയുള്ള അന്വേഷണം രാജ്യത്തോടുള്ള അനാദരവായാണ് ചൈന കണ്ടത്. പിന്നാലെയാണ് ചൈനീസ് ശാസ്ത്രജ്ഞന്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com