കോവിഡിന് പിന്നാലെ മറ്റൊരു വൈറസ് കൂടി ; 'മാര്‍ബര്‍ഗ് വൈറസ്'  പടിഞ്ഞാറൻ ആഫ്രിക്കയില്‍ സ്ഥിരീകരിച്ചു ; 88 ശതമാനം വരെ മരണസാധ്യത

അതിവേഗം പടരുന്നതും മരണസാധ്യത വളരെയേറിയതുമാണ് മാര്‍ബര്‍ഗ് വൈറസെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ജനീവ : കോവിഡിന് പിന്നാലെ അതീവ മാരകമായ മറ്റൊരു വൈറസ് കൂടി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് ആണ് കണ്ടെത്തിയത്. ഗിനിയയിലെ  തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരിച്ച രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

അതിവേഗം പടരുന്നതും മരണസാധ്യത വളരെയേറിയതുമാണ് മാര്‍ബര്‍ഗ് വൈറസെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം പിടിപെടുന്നവരില്‍ മരണസാധ്യത 88 ശതമാനം വരെയാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എബോള വൈറസിന്‍രെ കുടുംബത്തില്‍പ്പെട്ട, അതിന് സമാനമായ വൈറസ് ആണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് വൈറസ് പടരാന്‍ സാധ്യത. വൈറസ് ബാധിതരായ ആളുകളുടെ ശരീര ദ്രവങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പകരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ രോഗബാധിതരുണ്ടോയെന്നും തിരിച്ചറിയാനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. 

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇതാദ്യമായാണ് വൈറസ് സ്ഥിരീകരിക്കുന്നത്. പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥത എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മാര്‍ബര്‍ഗ് വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഗിനിയയില്‍ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്കകമാണ് കൂടുതല്‍ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ദക്ഷിണാഫ്രിക്ക, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലാണ് നേരത്തെ മാര്‍ബര്‍ വൈറസ് സ്ഥിരീകരിച്ചിരുന്നത്. ആഗോള തലത്തില്‍ ഇത് വലിയ ഭീഷണിയുണ്ടാക്കില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com