പരിഭ്രാന്തരായ ജനം തൂങ്ങിക്കയറാന്‍ ശ്രമിച്ചു, ടയറില്‍ ശരീരാവിശിഷ്ടങ്ങള്‍; വിമാനത്തില്‍ നിന്ന് ആളുകള്‍ വീണ് മരിച്ചെന്ന് അമേരിക്കയുടെ സ്ഥിരീകരണം- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 11:09 AM  |  

Last Updated: 18th August 2021 11:09 AM  |   A+A-   |  

AFGHANISTAN CRISIS

പറന്നുയരുന്ന അമേരിക്കന്‍ വ്യോമസേന വിമാനത്തില്‍ തൂങ്ങിപ്പിടിച്ച് കയറാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍- ട്വിറ്റര്‍ ദൃശ്യം

 

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പരിഭ്രാന്തരായ ജനം ഓടിക്കൂടിയത് മൂലം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയ്ക്കിടെ, ടേക് ഓഫ് ചെയ്ത യുഎസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. സി- 17 ഗ്ലോബ്്മാസ്റ്റര്‍ ചരക്കുവിമാനത്തിന്റെ ടയറില്‍ മനുഷ്യശരീരത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്താനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് അമേരിക്കന്‍ വ്യോമസേന അറിയിച്ചു.

കഴിഞ്ഞദിവസം പറന്നുയരാന്‍ പോകുന്ന വിമാനത്തിന്റെ ചിറകിലും മറ്റും പിടിച്ചുകിടക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചരക്കുവിമാനത്തില്‍ നിന്ന് വീണ് ആളുകള്‍ മരിച്ചു എന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചത്. ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണ് എത്തിയത്. ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്‌തെന്നുമാണ് അധികൃതരുടെ വിശദീകരണം.

 

ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറില്‍നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. താലിബാന്‍ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനമാണ്. ഇതിനിടെയാണു കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേര്‍ വീണു മരിച്ചത്. എത്ര പേരാണു മരിച്ചതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.

യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകള്‍ റണ്‍വേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകള്‍ ലോകത്തെ നടുക്കിയിരുന്നു.