പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ വനിത ടിക്ടോക്ക് താരത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി; മുകളിലേക്ക് വലിച്ചെറിഞ്ഞു, ആള്‍ക്കൂട്ടാക്രമണം

പാകിസ്ഥാനില്‍ സ്വാതന്ത്ര്യദിനത്തില്‍ വനിത ടിക്‌ടോക്ക് താരത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലാഹോര്‍: പാകിസ്ഥാനില്‍ സ്വാതന്ത്ര്യദിനത്തില്‍ വനിത ടിക്‌ടോക്ക് താരത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. വസ്ത്രം വലിച്ചു കീറിയും മുകളിലേയ്ക്ക് എടുത്ത് എറിഞ്ഞും നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യദിനത്തില്‍ മിനാര്‍- ഇ- പാകിസ്ഥാന് സമീപം വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. തന്റെ കൂടെ ആറ് സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ സമയത്ത് അവിടേയ്ക്ക് കടന്നുവന്ന നൂറുകണക്കിന് ആളുകള്‍ തങ്ങളെ ആക്രമിച്ചു എന്നാണ് വീഡിയോ ചിത്രീകരണ സംഘത്തിന്റെ പരാതിയില്‍ പറയുന്നത്. 

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്രമികള്‍ തള്ളിയിടുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചിലര്‍ തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ച്ചയായി മുകളിലേയ്ക്ക് തങ്ങളെ പൊക്കി എറിഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ ലാഹോര്‍ പൊലീസ് നൂറ് കണക്കിന് അജ്ഞാതര്‍ക്ക്് എതിരെ കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും പിടിച്ചുപറിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലാഹോര്‍ ഡിഐജി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com