ബുര്‍ഖ വേണ്ട, ഹിജാബ് മതി ; പെണ്‍കുട്ടികള്‍ പഠിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് താലിബാന്‍

ഏതു തരം തട്ടമാണ് ധരിക്കേണ്ടത് എന്നതു സംബന്ധിച്ച് ഷഹീന്‍ നിലപാട് വ്യക്തമാക്കിയില്ല
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയേക്കില്ലെന്ന് സൂചിപ്പിച്ച് താലിബാന്‍. അതേസമയം സ്ത്രീകള്‍ ഹിജാബ് ( തട്ടം ) ധരിക്കണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ബ്രിട്ടനിലെ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, താലിബാന്റെ ദോഹ ഓഫീസ് വക്താവ് സുഹൈല്‍ ഷഹീന്‍ ഇക്കാര്യം പറഞ്ഞത്. 

1996-2001 കാലത്ത് താലിബാന്‍ അഫ്ഗാന്‍ ഭരിച്ചപ്പോള്‍, ബുര്‍ഖ, ഹിജാബ് മുതലായവ നിര്‍ബന്ധമാക്കിയിരുന്നു. ഇതു ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. വീണ്ടും താലിബാന്‍ ഭരണം പിടിച്ചതോടെ, സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക അന്താരാഷ്ട്രസമൂഹത്തില്‍ ഉയര്‍ന്നിരുന്നു. 

തല മുതല്‍ കാല്‍വരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുന്നില്‍ അല്‍പ്പഭാഗം ഒഴിച്ചിടുന്ന വസ്ത്രധാരണരീതിയാണ് ബുര്‍ഖ. ബുര്‍ഖ മാത്രമേ ധരിക്കാവൂ എന്നില്ല. ബുര്‍ഖയിലേക്ക് മാത്രം പരിമിതപ്പെടുത്താവുന്നതല്ല തലമറയ്ക്കണമെന്ന നിബന്ധന. വിവിധ രീതിയുള്ള തലമറയ്ക്കല്‍ രീതികളുണ്ട് എന്നാണ് സുഹൈല്‍ ഷഹീന്‍ പറഞ്ഞത്. 

എന്നാല്‍ ഏതു തരം തട്ടമാണ് ധരിക്കേണ്ടത് എന്നതു സംബന്ധിച്ച് ഷഹീന്‍ നിലപാട് വ്യക്തമാക്കിയില്ല. താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കില്ലെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ അടക്കം വിദ്യാഭ്യാസം നടത്താം. മോസ്‌കോ, ദോഹ തുടങ്ങിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ തങ്ങള്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com