എടിഎമ്മുകള്‍ കാലി, ഓഫിസുകള്‍ അടഞ്ഞുതന്നെ, വില കുത്തനെ മേലോട്ട്; സര്‍വത്ര അനിശ്ചിതത്വത്തില്‍ അഫ്ഗാന് 'സ്വാതന്ത്ര്യദിനം'

പരാതി പരിഹാരത്തിനായി ഒരു സംവിധാനവും നിലവില്‍ ഇല്ല. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്
ന്യൂഡല്‍ഹിയിലെ യുഎസ് എംബസിക്കു മുന്നില്‍ തടിച്ചുകൂടിയ അഫ്ഗാന്‍ സ്ത്രീകള്‍/പിടിഐ
ന്യൂഡല്‍ഹിയിലെ യുഎസ് എംബസിക്കു മുന്നില്‍ തടിച്ചുകൂടിയ അഫ്ഗാന്‍ സ്ത്രീകള്‍/പിടിഐ

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതിനു തൊട്ടുപിന്നാലെ, നൂറ്റി രണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ബാക്കിയാവുന്നത് തീരാത്ത അനിശ്ചിതത്വം. ഇറക്കുമതി പാടേ നിലച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. എടിഎമ്മുകള്‍ ഒട്ടുമിക്കതും കാലിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഭരണം എങ്ങനെയായിരിക്കും എന്നതില്‍ താലിബാന്‍ ഇനിയും വ്യക്തത വരുത്തിയിട്ടുമില്ല.

ബ്രിട്ടനില്‍നിന്ന് അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയതിന്റെ നൂറ്റിരണ്ടാം വാര്‍ഷികമാണ് ഇന്ന്. 1919ല്‍ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ചാണ് ബ്രിട്ടന്‍ അഫ്ഗാനില്‍നിന്നു പിന്‍വാങ്ങിയത്. ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികത്തിനു മുന്നോടിയായി അമേരിക്കയെ യുദ്ധത്തില് തോല്‍പ്പിച്ചെന്ന പ്രഖ്യാപനത്തോടെയാണ്, താലിബാന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ പക്ഷേ, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിനെക്കുറിച്ചു റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കായി പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് അഫ്ഗാന്‍. ഭരണതലത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ ഇറക്കുമതി ഏതാണ്ട് പൂര്‍ണമായും നിലച്ച മട്ടാണ്. കടുത്ത വരള്‍ച്ചയായിരുന്നു രാജ്യത്ത്, ഈ വര്‍ഷം. അതുകൊണ്ടുതന്നെ ആഭ്യന്തരമായി ഭക്ഷ്യ ഉത്പാദനം വലുതായൊന്നും നടന്നിട്ടില്ല. 40 ശതമാനം വിള നഷ്ടം എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതെല്ലാം ചേര്‍ന്ന് വലിയ പട്ടിണിക്കാലമാണ് അഫ്ഗാനെ തുറിച്ചുനോക്കുന്നതെന്ന് രാജ്യാന്തര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ എടിഎമ്മുകള്‍ മിക്കവാറും കാലിയായിക്കഴിഞ്ഞു. പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥ പലയിടത്തുമുണ്ട്. പരാതി പരിഹാരത്തിനായി ഒരു സംവിധാനവും നിലവില്‍ ഇല്ല. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. പൊതുമാപ്പു പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരോടു തിരികെ ജോലിക്കെത്താന്‍ താലിബാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ സര്‍ക്കാരുമായി സഹകരിച്ചുനിന്നവരോട് പ്രതികാര നടപടിയുണ്ടാവുമോയെന്ന ആശങ്ക ശക്തമാണ്. പലയിടത്തുനിന്നും അത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്ത്രീകള്‍ക്കു മതം അനുവദിക്കുന്ന സ്വാതന്ത്ര്യമുണ്ടാവും എന്നു പ്രഖ്യാപിച്ച താലിബാന്‍, ബുര്‍ഖയില്ലാതെ പുറത്തിറങ്ങിയ സ്ത്രീയെ വെടിവച്ചുകൊന്ന വാര്‍ത്ത വന്നത് ഈ ആശങ്ക ശക്തമാക്കി.

പുതിയ ഭരണം എങ്ങനെയായിരിക്കും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ശരീയത് നിയമപ്രകാരം ആയിരിക്കും ഭരണം എന്നു മാത്രമാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ശൂറ കൗണ്‍സില്‍ ആയിരിക്കും ഭരണത്തിനു നേതൃത്വം കൊടുക്കുക എന്നാണ് സൂചനകള്‍. 

സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യപ്രശ്‌നവും എല്ലാം കുറെക്കാലമായി അഫ്ഗാനില്‍ ഉള്ളതാണ്. എന്നാല്‍ രണ്ടു പതിറ്റാണ്ടായി രാജ്യാന്തര സമൂഹത്തിന്റെ സഹകരണത്തോടെ അവയെ നേരിടാന്‍ അഫ്ഗാന്‍ ഭരണകൂടങ്ങള്‍ക്കായി. രാജ്യാന്തര സഹായം ഇല്ലാതെ താലിബാന്‍ ഭരണകൂടത്തിന് അതെങ്ങനെ നേരിടാനാവും എന്നതാണ് മുഖ്യമായ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com