ഐഡി കാര്‍ഡ് ഷൂസിനുള്ളില്‍ ഒളിപ്പിച്ചു, ഗര്‍ഭിണിയായ സഹോദരിയെയും കൊണ്ട് എയര്‍പോര്‍ട്ടില്‍ കയറാന്‍ കാത്തുനിന്നത് 12 മണിക്കൂര്‍; അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തക പറയുന്നു

അധികാരം പിടിച്ചതിന് പിന്നാലെ, അവര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ചു തുടങ്ങി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


'അന്ന് രാവിലെ പത്തുമണിക്ക് ഓഫീസിന് പുറത്തിറങ്ങിയതാണ് ഞാന്‍. ഒരു കാബ് വിളിച്ചു വീട്ടിലേക്ക് പോകാന്‍ നില്‍ക്കവെയാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത വാര്‍ത്ത അറിയുന്നത്. ഞാനൊരിക്കലും ഒരു താലിബാന്‍കാരനെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എന്റെയുള്ളില്‍ ഭയം നിറഞ്ഞു. ഞാന്‍ എന്റെ ഐഡി കാര്‍ഡ് ഊരി ഷൂസിനടിയില്‍ ഒളിപ്പിച്ചു. ഒരുപക്ഷേ അവര്‍ തടഞ്ഞുനിര്‍ത്തുകയാണെങ്കില്‍ കാബ് ഡ്രൈവറോട് എന്റെ ബന്ധുവാണെന്ന് പറയണം എന്ന് അഭ്യര്‍ത്ഥിച്ചു'- അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന 25കാരി നെഹലിന്റെ (യഥാര്‍ത്ഥ പേരല്ല) വാക്കുകളാണിത്. ഈ ഓര്‍ത്തെടുക്കലില്‍ നിന്ന് വ്യക്തമാണ്, അഫ്ഗാനിലെ സ്ത്രീകള്‍, പ്രത്യേകിച്ച് ജോലി ചെയ്യുന്നവര്‍ താലിബാന്റെ വരവിനെ എത്രമാത്രം ഭീതിയോടെയാണ് നോക്കി കാണുന്നതെന്ന്. 

നെഹല്‍ വീട്ടിലേക്കല്ല പോയത്. അതിനോടകം താലിബാന്‍ കയ്യടക്കിയ പ്രദേശത്ത് നിന്ന് നെഹലിന് മറ്റൊരു സുരക്ഷിത താവളം തേടി മാറേണ്ടിവന്നു. തുടര്‍ന്ന് ഇറ്റലിയിലേക്ക് പലായനം ചെയ്തു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള അഞ്ച് ദിവസം രാജ്യം വിടാനുള്ള തത്രപ്പാടിലായിരുന്നു താനെന്ന് നെഹല്‍ ഓര്‍ത്തെടുക്കുന്നു. പല ബന്ധുക്കളും താന്‍ കാരണം അവരെല്ലാം വധിക്കപ്പെട്ടേക്കുമെന്ന് ഭയന്നിരുന്നു. 

'താലിബാന്‍ എപ്പോഴും നുണയാണ് പറയുന്നത്. ഓഗസ്റ്റ് 31ന് മുന്‍പ് കാബുള്‍ പിടിക്കില്ല എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവരത് ചെയ്തു. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അധികാരം പിടിച്ചതിന് പിന്നാലെ, അവര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ചു തുടങ്ങി.'- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നെഹര്‍ പറഞ്ഞു. 

നിരന്തരം നടന്നുകൊണ്ടിരുന്ന മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും മര്‍ദനങ്ങളില്‍ നിന്നും രക്ഷപ്പെട്ടാണ് നെഹലും ഗര്‍ഭിണിയായ സഹോദരിയുംഓഗസ്റ്റ് 20ന് കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. 

'വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ താലിബാന്റെ മൂന്ന് ചെക്ക്‌പോസ്റ്റുകള്‍ താണ്ടേിവന്നു. 12മണിക്കൂറാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. ഈ സമയം വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ അഴിച്ചുവിട്ട ക്രൂര മര്‍ദനങ്ങളുടെ ചില ചിത്രങ്ങള്‍ പകര്‍ത്തി. താലിബാനെ തുറന്നുകാട്ടാന്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കേണ്ടത് ആവശ്യമാണന്ന് തോന്നിയാണ് ജീവന്‍ കയ്യില്‍പ്പിടിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

എയര്‍പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്
 

എയര്‍പോര്‍ട്ടിന് അകത്ത് ഇറ്റലി ആരംഭിച്ച ക്യാമ്പിലാണ് എത്തിയത്. അവിടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കാണിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മാത്രമാണ് കയ്യിലുണ്ടായിരുന്നത്.' 

'കാബൂളില്‍ ഞങ്ങള്‍ മികച്ച സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. ഞങ്ങള്‍ക്ക് സ്ഥിരതയാര്‍ന്ന ജോലിയുണ്ടായിരുന്നു. ഏപ്രിലിലാണ് ഞങ്ങള്‍ വീട് പുതുക്കി പണിതത്. പക്ഷേ അതെല്ലാം നഷ്ടപ്പെടുത്തി ഞങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ബാങ്കുകള്‍ എല്ലാം അടച്ചിരുന്നതിനാല്‍ പണം പിന്‍വലിക്കാന്‍ പറ്റിയില്ല. എടിഎം കൗണ്ടറുകള്‍ വര്‍ക്ക് ചെയ്തിരുന്നില്ല. കടന്നുവന്നത് അതിഭീകര സാഹചര്യങ്ങളിലൂടെയാണ്.

കാബൂള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍മാര്‍
 

'മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തയ്യാറല്ല. കാബൂളിലേക്ക് തിരിച്ചുപോകണം. ഒരുപാട് എതിര്‍പ്പ് മറികടന്നാണ് ഇതുവരെ എത്തിയത്. ഇവിടുത്തെ ഭാഷ പഠിക്കണം. ഞങ്ങള്‍ക്കിത് കഠിനമായ സമയമാണ്. പക്ഷേ ഒന്നും അസാധ്യമല്ല.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com