പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊറോണയുടെ അതീവ അപകടകരമായ പുതിയ വകഭേദം കണ്ടെത്തി ; അതിവേഗം പടരും ; വാക്‌സിനെയും മറികടക്കാന്‍ ശേഷിയെന്ന് പഠനം 

ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്

ന്യൂഡൽഹി : കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം കണ്ടെത്തി. പുതിയ വകഭേദത്തിന് സി.1.2 എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. അതിവേഗം പടരാന്‍ ശേഷിയുള്ള ഈ വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. 

ദക്ഷിണാഫ്രിക്കയിലെ പുമാംഗ്‌ല, ഗോട്ടെങ് പ്രവിശ്യകളിലാണ് വൈറസ് വകഭേദം ആദ്യം കണ്ടെത്തുന്നത്. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. പിന്നീട് ഇത് ആഫ്രിക്ക, ഓഷ്യാനിയ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തുകയായിരുന്നു. 

ദക്ഷിണാഫ്രിക്കയ്ക്കു പുറമേ, ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 

സി.1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായ സി.1.2ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാണ് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കപെടുന്ന വാക്‌സീനുകള്‍ നല്‍കുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താനുള്ള ശേഷി ഈ വകഭേദത്തിന് ഉള്ളതായും ഗവേഷകര്‍ പറയുന്നു. 

സി.1.2 വംശത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷനുകളുടെ പരിവര്‍ത്തന നിരക്ക് ഉണ്ട്, ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു. വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സീന്‍കൊണ്ട് ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com