കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍...  (വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 04:48 PM  |  

Last Updated: 05th December 2021 04:48 PM  |   A+A-   |  

ANIMAL NEWS

ജിറാഫിന്റെ പിന്നാലെ പായുന്ന സിംഹം

 

കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെയ്ക്കാന്‍ അമ്മ തയ്യാറാവും. കുഞ്ഞിന്റെ ജീവന്‍  രക്ഷിക്കാന്‍ അവസാന നിമിഷം വരെ പോരാടിയ അമ്മ ജിറാഫിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

 കെനിയയിലെ ഒലാരെ മോട്ടോറോഗി വന്യജീവിസങ്കേതത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ കടിച്ചു കീറാന്‍ തക്കം പാര്‍ത്ത് നില്‍ക്കുകയാണ് സിംഹവും കഴുതപ്പുലികളും. കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജിറാഫ് നടത്തുന്ന പോരാട്ടമാണ് വീഡിയോയിലെ ഉള്ളടക്കം. 

കഷ്ടിച്ച് നടക്കാന്‍ മാത്രം സാധിക്കുന്ന കുഞ്ഞിനെയും കൊണ്ട് അമ്മ ജിറാഫ് ഏറെദൂരം പരമാവധി വേഗത്തില്‍ നീങ്ങാന്‍ ശ്രമിച്ചു. അതിനിടെ പിന്നാലെ കൂടിയ കഴുതപ്പുലികള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും സിംഹം എളുപ്പത്തില്‍ കിട്ടുന്ന ഇരയായ ജിറാഫിനെ വിട്ടുകളയാന്‍ തയാറല്ലായിരുന്നു. പലതവണ സിംഹം അടുത്തെത്തിയെങ്കിലും അപ്പോഴെല്ലാം അമ്മ ജിറാഫ് സിംഹത്തെ തുരത്തിയോടിച്ചു. 

ആറു കിലോമീറ്ററോളം ദൂരമാണ് കുഞ്ഞുമായി ജിറാഫ് രക്ഷതേടി പാഞ്ഞത്. എന്നാല്‍ ഇവര്‍ ഒടുവില്‍ ചെന്നെത്തിയത് നദീ തീരത്തായിരുന്നു. മുനമ്പ് പോലെയുള്ള ഭാഗത്ത് എത്തിയതിനാല്‍ ജിറാഫിനും കുഞ്ഞിനും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ സിംഹം ആക്രമിക്കാനായി പാഞ്ഞടുത്തു. ഇതോടെ പരിഭ്രാന്തിയിലായ അമ്മ  ജിറാഫ് അബദ്ധത്തില്‍ തട്ടിയതോടെ കുഞ്ഞ്  നദീതടത്തിലേക്ക് വീഴുകയും ചെയ്തു. കുഞ്ഞിനെ എങ്ങനെയും  മുകളിലേക്ക് കയറ്റാന്‍ അമ്മ ജിറാഫ് ശ്രമിച്ചെങ്കിലും കുഞ്ഞിന് അതിനുള്ള ശക്തിയുണ്ടായിരുന്നില്ല. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഡോണ്‍ ഹെയ്‌നെയാണ് അസാധാരണമായ ഈ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഒട്ടും സമയം പാഴാക്കാതെ പെണ്‍സിംഹം കുഞ്ഞിനുമേല്‍ ചാടിവീണ് അതിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് വെള്ളത്തിലേക്ക് വലിച്ചു. അമ്മ ജിറാഫ് പലതവണ തുരത്തിയെങ്കിലും പെണ്‍സിംഹം തുടരെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ അമ്മ ജിറാഫ് സര്‍വശക്തിയുമെടുത്ത് സിംഹത്തിന് നേരെ  പാഞ്ഞടുത്തതോടെ അത് അല്പം മാറി കാത്തിരുന്നു. അപ്പോഴേക്കും കുഞ്ഞു ജിറാഫിന്റെ മരണം ഏതാണ്ട് ഉറപ്പായികികഴിഞ്ഞിരുന്നു. 

നിവര്‍ത്തിയില്ലാതെ അമ്മ ജിറാഫും  അവിടെനിന്നും അകന്നുനിന്നു. എന്നാല്‍ അദ്ഭുതമെന്നപോലെ കുഞ്ഞു ജിറാഫ് വീണ്ടും എഴുന്നേറ്റ് നില്‍ക്കുകയും ഏതാനും ചുവടുകള്‍വച്ച് വെള്ളത്തിലേക്കിറങ്ങുകയും ചെയ്തു.  ജീവന്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ക്ഷീണിച്ച് അവശനിലയിലായ കുഞ്ഞ്ജിറാഫ് നിലതെറ്റി വെള്ളത്തിലേക്ക് വീണു.  വീണ്ടും എണീറ്റു നില്‍ക്കാന്‍  കുഞ്ഞ് പലതവണ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വിഡിയോയില്‍ കാണാം.