പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒമൈക്രോണ്‍ വാക്‌സിനുകളെ മറികടക്കും, ആന്റിബോഡി തെറാപ്പി ഏല്‍ക്കില്ല; ബൂസ്റ്റര്‍ ഡോസ് പരിരക്ഷ നല്‍കുമെന്ന് പഠനം 

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുവഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണിന് മറികടക്കാന്‍ സാധിക്കുമെന്ന് പഠനം

വാഷിംഗ്ടണ്‍: രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുവഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണിന് മറികടക്കാന്‍ സാധിക്കുമെന്ന് പഠനം. ആന്റിബോഡി തെറാപ്പിയും ഒമൈക്രോണ്‍ ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നും അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെയും ഹോങ്കോങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേര്‍ണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പുതിയ വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റേയും പുതിയ ചികിത്സയുടേയും ആവശ്യകതയാണ് മുഖ്യമായി മുന്നോട്ടുവെയ്ക്കുന്നത്. ഒമൈക്രോണിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. ഇത് നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ആന്റിബോഡി തെറാപ്പിയും പ്രയോജനമില്ലാതെ വരാമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാക്‌സിനുകള്‍ വഴി ലഭിക്കുന്ന ആന്റിബോഡി കവചത്തെ ഒമൈക്രോണ്‍ മറികടക്കുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. മോഡേണ, ഫൈസര്‍, ആസ്ട്രാ സെനേക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയുടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണ്‍ മറികടക്കുന്നുണ്ട്. ഒമൈക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ ഈ വാക്‌സിനുകള്‍ ഫലപ്രദമല്ല എന്നാണ് പരീക്ഷണത്തില്‍ വ്യക്തമായത്.

 കോവിഡ് ബാധിച്ചത് വഴി ലഭിച്ച സ്വാഭാവിക പ്രതിരോധശേഷിയെയും ഒമൈക്രോണ്‍ മറികടക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈസറിന്റെയും മോഡേണയുടെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണിനെതിരെ കൂടുതല്‍ പരിരക്ഷ ലഭിച്ചേക്കാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com