ന്യൂയോർക്ക്: ജെയിംസ് വെബ് ടെലിസ്കോപ് വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും.
1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം എന്നിവയാണു ലക്ഷ്യങ്ങൾ.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാകും ടെലിസ്കോപ് സ്ഥിതി ചെയ്യുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം നാല് മടങ്ങ് അകലത്തിലാണിത്. ഹബ്ബിൾ ടെലിസ്കോപ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് വെറും 570 കിലോമീറ്റർ മാത്രം ദൂരെയാണ്.
രണ്ട് കണ്ണാടികൾ ടെലിസ്കോപ്പിലുണ്ട്. വലിപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കും. ഇതിനെ അപഗ്രഥിച്ച് ടെലിസ്കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കും. ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പമുള്ള മറ ടെലിസ്കോപ്പിനെ സൂര്യ പ്രകാശത്തിൽ നിന്നു സംരക്ഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates