മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും തടവില്‍

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും തടവില്‍
ഓങ് സാൻ സൂചി/ ഫയൽ
ഓങ് സാൻ സൂചി/ ഫയൽ

നൈപിതോ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളെല്ലാം പട്ടാളത്തടവിലായി. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്. മ്യാന്‍മര്‍ പട്ടാള അട്ടിമറിയിലേക്കെന്ന് ഭരണകക്ഷിയായ എന്‍എല്‍ഡി വ്യക്തമാക്കി. 

ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മ്യാന്‍മറിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. തലസ്ഥാനമായ നൈപിതോയില്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി. 

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നാളെ അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക നടപടി. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം.

മ്യാൻമർ‌ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെ‍ഡറൽ‌ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മിന്‍ഡ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർഥ ഭരണാധികാരി സൂചിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com